തിരുവനന്തപുരം: ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പ് കടിയേ​റ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളുടെ യഥാർത്ഥ അവസ്ഥ മനസിലാക്കാൻ പി.ടി.തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ കമ്മി​റ്റിയെ യു.ഡി.എഫ് നിയോഗിച്ചു. എം.എൽ.എ മാരായ എൻ.ഷുസംദ്ദീൻ, മോൻസ് ജോസഫ്, ഡോ.എൻ.ജയരാജ്, അനൂപ് ജേക്കബ് എന്നിവർ അംഗങ്ങളായ കമ്മിറ്റി എല്ലാ ജില്ലകളിലെയും സ്‌കൂളുകൾ സന്ദർശിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കും.
ക്ലാസുകൾ ഹൈടെക്കാക്കിയെന്ന് സർക്കാർ മേനി പറയുമ്പോഴും സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ തന്നെ അപകടത്തിലാവുന്ന വിധം ദയനീയമാണെന്ന യാഥാർത്ഥ്യമാണ് ബത്തേരി സംഭവത്തിലൂടെ വ്യക്തമാവുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്‌കൂളുകൾ ഹൈടെക്ക് ആക്കാൻ അനുവദിച്ച 444 കോടി രൂപ എവിടെപ്പോയിയെന്ന് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.