bar-

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾക്കും ബെവ്കോയുടെ ചില്ലറ വില്പനശാലകൾക്കും ബിവറേജസ് കോർപ്പറേഷൻ നൽകുന്ന 'ചീപ്പ് ഐറ്റം' (വിലകുറഞ്ഞ ഇനം) മദ്യങ്ങളുടെ അനുപാതത്തിൽ മാറ്റം വരുത്താൻ നിർദ്ദേശം.

വില കുറഞ്ഞ ചില ബ്രാൻഡുകൾ പ്രത്യേക സ്ഥലങ്ങളിൽ ബാറുകൾക്ക് കൂടുതലായി കിട്ടുന്നുവെന്നും ബിവറേജസുകളിൽ ഈ ഐറ്രങ്ങൾ കിട്ടാത്ത സ്ഥിതിയാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചില കമ്പനികൾ വെയർഹൗസുകളിൽ സ്വാധീനം ചെലുത്തി ബാറുടമകളുമായി ഒത്തുകളിച്ച് ചീപ്പ് ഐറ്രം കൂടുതലായി എടുപ്പിക്കുന്നു. ഈ കമ്പനികളുടെ മദ്യമാണ് ബാറുകളുടെ സാധാരണ കൗണ്ടറുകളിൽ കൂടുതൽ വിൽക്കുന്നത്.ഈ സാഹചര്യത്തിലാണ് അനുപാതം മാറ്റുന്നത്.

വില കുറഞ്ഞ മദ്യം ബാറുകൾക്ക് 30 ശതമാനവും ബെവ്കോയുടെ ചില്ലറ വില്പനശാലകൾക്ക് 70 ശതമാനവും നൽകാനായിരുന്നു നേരത്തേയുള്ള നിർദ്ദശം. 40 ബാറുകൾ വരെയുള്ള ജില്ലകളിൽ ഇതേ അനുപാതം തുടരണം.എന്നാൽ 40 നും 50 നും ഇടയ്ക്ക് ബാറുകളുള്ള ജില്ലകളിൽ 32: 68 , 50 ന് മുകളിൽ ബാറുകളുള്ള ജില്ലകളിൽ 36:64 എന്ന ക്രമം പാലിക്കാനാണ് വെയർഹൗസ് മാനേജർമാർക്കും റീജണൽ മാനേജർമാർക്കും ബെവ്കോ ഉന്നത ഉദ്യോഗസ്ഥർക്കും വാക്കാലുള്ള പുതിയ നിർദ്ദേശം. വിലകുറഞ്ഞ മദ്യം ആവശ്യമുള്ള ബാറുകൾ ഓർഡർ നൽകിയാൽ രണ്ട് ദിവസത്തിനുള്ളിൽ പണം അടയ്ക്കണം. അല്ലെങ്കിൽ ഓർഡർ റദ്ദാവും.

ജവാൻ വമ്പൻ

ഒരു കെയ്സ് മദ്യം (ഒമ്പതു ലിറ്റർ) നിർമ്മാതാക്കൾ ബെവ്കോയ്ക്ക് നൽകുന്ന വിലയാണ് ലാൻഡഡ് കോസ്റ്റ്. ലാൻഡഡ് കോസ്റ്റ് 450 രൂപയിൽ താഴെ വരുന്ന ബ്രാൻഡുകളാണ് ചീപ്പ് ഐറ്റം. ജവാൻ റമ്മിന്റെ ലാൻഡഡ് കോസ്റ്റ് 457 രൂപയാണെങ്കിലും സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ഉത്പന്നമായതിനാൽ ചീപ്പ് ഐറ്റമാണ്. ജവാൻ, വൈഫൈ, സൂപ്പർമാസ്റ്റ്, പീസ് മേക്കർ തുടങ്ങിയവയാണ് വിപണിയിൽ ഏറ്റവും ചെലവുള്ള 'ചീപ്പന്മാ'ർ.