lll

നെയ്യാറ്റിൻകര: പ്രദേശത്തെ സ്കൂളുകളൊക്കെ ഹൈടെക് ആക്കിയെന്ന് പ്രഖ്യാപിക്കുമ്പോഴും താലൂക്കിലെ ഒട്ടുമിക്ക സ്കൂളുകളും കാട് മൂടി പാമ്പുകളുടെ താവളമായി മാറിയിരിക്കുകയാണ്. പകൽനേരത്തെ തിരക്ക് കഴിഞ്ഞാൻ ഇഴജന്തുക്കൾക്ക് മറ്റ് ശല്യം ഇല്ലാത്തത്കാരണം പാമ്പുകൾ താവളം തേടിയെത്തുന്നത് ഈ കാട്മൂടിയ സ്കൂൾ പരിസരം തന്നെയാണ്. മഴക്കാലമായതോടെ ഇഴജന്തുക്കളെല്ലാം മാളം വിട്ട് പുറത്തേക്ക് വരികയാണ്. പകൽ സമയങ്ങളിലും സ്കൂൾ പരിസരങ്ങളിൽ പകൽ സമയത്തും പാമ്പുകളുടെ സാമിപ്യം ഇവിടെ കാണാറുണ്ട്. വിദ്യാർത്ഥികൾ കളിക്കുന്ന ഗ്രൗണ്ടിന്റെ പകുതിയോളം ഭാഗം കുറ്റിക്കാട് നിറഞ്ഞിട്ടുണ്ട്. സ്‌കൂൾ വളപ്പിൽ പലയിടത്തും ഒരാൾ പൊക്കത്തിൽ പുല്ല് വളർന്ന നിലയിലാണ്. ക്ലാസ് മുറിയോട് ചേർന്ന ഭാഗത്തെ മതിലിൽ നിറയെ പാമ്പിൻ മാളങ്ങളാണ്, കുട്ടികൾ പറയുന്നു. സ്‌കൂൾ വളപ്പിൽ നിന്ന് പാമ്പുകളടക്കമുള്ള ഇഴജന്തുക്കൾ വീട്ടിലേക്ക് എത്താറുണ്ടെന്ന് സമീപവാസികളും പരാതിപ്പെടുന്നു. ക്ലാസുകൾക്ക് സമീപത്തെ വള്ളിപടർപ്പുകൾക്കിടയിൽ പാമ്പുകളുടെ സാന്നിദ്ധ്യം വ്യക്തമായിട്ടും പി.ടി.എ ഭാരവാഹികൾ മൗനം പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്.

ധനുവച്ചപുരം ഗവ.ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾക്ക് കുറ്റിക്കാട് താണ്ടി വേണം ടോയ്ലെറ്റിൽ പോകാൻ. ധനുവച്ചപുരത്തെ യു.പി, ഹൈസ്‌കൂൾ തലങ്ങളിലായി 381 വിദ്യാർത്ഥികളുള്ള സ്‌കൂളിലെ നാല് ടോയ്ലെറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് ഉപയോഗയോഗ്യം. അതും അടുത്തിടെ റോട്ടറി ക്ലബുകാർ നിർമ്മിച്ചു നൽകിയത്. മറ്റുള്ളവയുടെ പ്രവേശനകവാടം വരെ കാടുകയറിയ നിലയിലാണ്.
വെളിച്ചം കടക്കാത്തതിനാൽ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം പോലും അറിയാൻ കഴിയില്ല. അബദ്ധത്തിന് പാമ്പ് പുറത്തേക്ക് വരുന്ന സമയത്താണ് ടോയ് ലെറ്റിൽ പോകുന്നതെങ്കിൽ കടിയേറ്റതു തന്നെ.

അടുത്തിടെ സ്നേക്ക് മാസ്റ്റർ വാവാസുരേഷെത്തി പന്ത്രണ്ടടി നീളമുള്ള ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത് നെയ്യാറ്റിൻകര ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് പിൻവശത്തുള്ള നെയ്യാറ്റിൻകര എസ്.ഐയുടെ ക്വാർട്ടേഴ്സിന് സമീപത്തു നിന്നുമാണ്. ഗേൾസ് ഹൈസ്കൂളിനുള്ളിലെ പ്രീ-പ്രൈമറി സ്കൂൾ വളപ്പാകട്ടെ കാടുംപടർപ്പു നിറഞ്ഞു കിടപ്പാണ്. കുട്ടികൾക്ക് കളിക്കാനായി അധികം കളിസ്ഥലമില്ലെങ്കിലും സ്കൂൾ പരിസരത്തെ കുഴികളിലും മറ്റും ചവുട്ടിയാണ് കുരുന്നുകളുടെ വിളയാട്ടം. രക്ഷിതാക്കൾ ഭീതിയോടെയാണ് കുട്ടികളെ ഈ പ്രീപ്രൈമറി സ്കൂളിലേക്ക് പറഞ്ഞു വിടുന്നത്. ഇവിടേയും മതിൽ കെട്ടിയിട്ടുള്ള കരിങ്കൽ ബേയ്സ്മെന്റ് നിറയെ ചെറിയ മാളങ്ങളാണ്. ഇവിടേയും ഇഴജന്തുക്കളുടെ ഭീഷണി ഉള്ളതായി നാട്ടുകാർ പരാതിപ്പെട്ടിട്ട് നാളേറെയായി.