നിപ വൈറസ് മുഖാന്തരമുള്ള മാരകരോഗം പടർന്നു പിടിക്കുമെന്ന ഭീതിയിലായി കേരളം. ഇൗ വൈറസ് എങ്ങനെ മനുഷ്യരിലെത്തി എന്നു കണ്ടുപിടിക്കാനുള്ള കഠിനശ്രമത്തിലാണ് ഇപ്പോൾ വിദഗ്ദ്ധർ. വവ്വാലിലൂടെയാണ് ഇത് പടരുന്നതെന്ന ഒരു ഉൗഹം വച്ചുകൊണ്ട് അതിനെ കേന്ദ്രീകരിച്ചാണ് തത്കാലം അന്വേഷണം നടക്കുന്നത്.
അങ്ങനെ വവ്വാലാണ് ഇൗ മാരകരോഗം പടർത്തുന്നതെന്ന് സ്ഥിരീകരിച്ചാലുള്ള സ്ഥിതിയെന്തായിരിക്കും? വവ്വാലിനെ ഉന്മൂലനാശം വരുത്താനുള്ള ഒരു പദ്ധതി സർക്കാർ തയ്യാറാക്കും. അത് നടത്താനായെന്നും വരും. കാരണം വവ്വാലിന്റെ എണ്ണം താരതമ്യേന വളരെ കുറവാണ്. അവയെ വെടിവച്ചുകൊല്ലാനും മറ്റും ബുദ്ധിമുട്ടുമില്ല. അങ്ങനെ ഒരു ജീവിവർഗംകൂടി നശിക്കും! എന്തിനുവേണ്ടി? മനുഷ്യൻ എന്ന ജീവിവർഗം നിപ രോഗം ബാധിച്ചു മരിക്കാതിരിക്കാൻ.
വവ്വാലുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ മനുഷ്യൻ എന്ന മൃഗം തോക്കുമായി സമീപിക്കുമ്പോൾ ആ മൃഗം എന്തായിരിക്കും വിചാരിക്കുക? 'ഇൗ മനുഷ്യവർഷം ഇല്ലാതായെങ്കിൽ നമുക്ക് സ്വാതന്ത്ര്യത്തോടുകൂടി പഴങ്ങളൊക്കെ തിന്ന് ജീവിക്കാമായിരുന്നു" എന്ന്.
ഇതിൽ ഏതുവർഗം ഭൂമിയിൽ ജീവിക്കുന്നതായിരിക്കും ദൈവത്തിന് അഥവാ പ്രകൃതിക്ക് ഇഷ്ടം? സ്വന്തം നിലനില്പിനുവേണ്ടിയും സ്വന്തം അത്യാഗ്രഹങ്ങൾ സാധിച്ചുകിട്ടുന്നതിനു വേണ്ടിയും മറ്റു ജീവികൾക്ക് ഉന്മൂലനാശം വരുത്തുന്ന മനുഷ്യൻ എന്ന ഒരുവർഗം നശിക്കുന്നതായിരിക്കും പ്രകൃതി ഇഷ്ടപ്പെടുന്നത്. അങ്ങനെയായാൽ മറ്റെല്ലാ ജീവിവർഗങ്ങളും പ്രകൃതിയും സുരക്ഷിതമായി നിലനിൽക്കും. അല്ലെങ്കിൽ മനുഷ്യൻ എന്ന ഒരു വർഗത്തിന്റെ നിലനില്പിനുവേണ്ടി മറ്റെല്ലാം ജീവിവർഗങ്ങളും നശിക്കേണ്ടിവരും. നാട്ടുമ്പുറങ്ങളിലെ പൂമ്പാറ്റകളും തുമ്പികളും ഇത്തരത്തിൽ നശിച്ചുകഴിഞ്ഞു.
പ്രകൃതി മനുഷ്യനെ സൃഷ്ടിച്ചത്, അവന്റെ ബുദ്ധി ഉപയോഗിച്ച് പ്രകൃതിയുമായും സഹജീവിവർഗങ്ങളുമായും ഇണങ്ങി ജീവിച്ചുകൊള്ളും എന്ന് കരുതിയായിരിക്കണം. സംഭവിക്കുന്നതോ? മനുഷ്യൻ മറ്റു ജീവിവർഗങ്ങളെയും പ്രകൃതിയെയും തത്ഫലമായി തന്നെത്തന്നെയും, നശിപ്പിക്കുകയും. ഇതാണത്രേ മനുഷ്യൻ ഉണ്ടാക്കിയെടുക്കുന്ന നേട്ടങ്ങൾ! ഇൗ നേട്ടങ്ങളുടെ കൂട്ടത്തിൽ പെട്ടതാണല്ലോ നിപാ മാതിരിയുള്ള ഇതുവരെ എങ്ങും ഉണ്ടായിട്ടില്ലാത്ത പുതിയ പുതിയ വൈറസ് രോഗങ്ങളും!
ഇതിന് പഴിക്കേണ്ടത് ആരെ? വവ്വാലിനെയോ മനുഷ്യനെയോ? മനുഷ്യനെ വിഴുങ്ങുന്ന വൈറസ് ഏത്? നിപയോ, മനുഷ്യൻ നടത്തുന്ന നശീകരണങ്ങളോ?