തിരുവനന്തപുരം: പട്ടികവർഗ വികസനവകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ കായിക മേളയായ കളിക്കളത്തിന് കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ തുടക്കമായി. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ പി. പുകഴേന്തി പതാക ഉയർത്തി. കായികമേളയുടെ മഹത്വം വിളിച്ചോതിയ വർണാഭമായ മാർച്ച് പാസ്റ്റിൽ നൂറിലേറെ വിദ്യാർത്ഥികൾ അണിനിരന്നു. ദേശീയ താരം അമൃത ബാബുവാണ് ദീപശിഖ തെളിച്ചത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 20 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്നും 112 ട്രൈബൽ ഹോസ്റ്റലുകളിൽ നിന്നുമുള്ള 1200 കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങൾ എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിലും ബാഡ്മിന്റൺ മത്സരം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബിലുമാണ് നടക്കുന്നത്. മികച്ച ഓട്ടക്കാർക്കും നീന്തൽ താരങ്ങൾക്കും പ്രത്യേക ട്രോഫികളും കൂടുതൽ മെഡൽ നേടുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിന് ഓവറാൾ ട്രോഫിയും സമ്മാനിക്കും. കബഡി, ഫുട്‌ബാൾ, ഖോ ഖോ മത്സരങ്ങൾ പുതുതായി മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.