വർക്കല. പാളയം കുന്നിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല. വർഷങ്ങൾക്കു മുൻപ് ഒരു ഹൈമാസ്റ്റ് ലൈറ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ച് സ്ഥാപിച്ചിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാലും അധികൃതരുടെ വേണ്ടത്ര ശ്രദ്ധ ഇല്ലാതിരുന്നതിനാലും പാളയം കുന്നിൽ വെളിച്ചം ഇല്ലാതെയായി. ആദ്യം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കേടു വന്നപ്പോൾ ബന്ധപ്പെട്ട അധികൃതർ മറ്റൊരു ലൈറ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ച് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഈ ലൈറ്റും പിന്നീട് കേടാവുകയും ചെയ്തു. ഇരു ലൈറ്റുകളും കത്താതായതോടെ പ്രദേശം മുഴുവൻ കൂരിരുട്ടിലാണ്. രാത്രികളിൽ കച്ചവടസ്ഥാപനങ്ങൾ പൂട്ടുന്നതോടെ പാളയംകുന്ന് ജംഗ്ഷൻ ഇരുട്ടിലാണ്. നിരവധിതവണ ഇതുസംബന്ധിച്ച് വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സംഘടനകളും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇലകമൺ ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട കെ.എസ്.ഇ.ബിയും ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിൽ കാട്ടുന്നതെന്നാണ് പൊതുവെയുളള ആക്ഷേപം.