പൂവാർ: അയൽനാടുമായുള്ള നമ്മുടെ വ്യാപാര ബന്ധങ്ങളെ ദൃഡമാക്കിയിരുന്ന എ.വി.എം കനാലിന് മരണമണി. വ്യാപകമായ കൈയേറ്റവും മാലിന്യ നിക്ഷേപവും കനാലിന് മരണമൊരുക്കിക്കഴിഞ്ഞു.
പൂവാറിന്റെ ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന കനാലാണ് അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ കനാൽ എന്ന എ.വി.എം കനാൽ. കന്യാകുമാരി മുതൽ കോവളം വരെയായിരുന്നു കനാൽ നിർമ്മിച്ചിരുന്നത്. ഇതിൽ കോവളം മുതൽ പൂവാർ വരെയുള്ള കനാലിന്റെ ഭാഗം ഇന്ന് പൂർണമായും ഇല്ലാതായിരിക്കുകയാണ്. അവശേഷിക്കുന്ന പൂവാർ മുതലുള്ള കനാലാകട്ടെ കൈയേറ്റക്കാരുടെയും റിയൽ എസ്റ്റേറ്റ് ലോബികളുടെയും കൈകളിലും.കേരളത്തിന്റെ ഭാഗമായി വരുന്നത്രയും ദൂരം കനാൽ പൂവാർ, കുളത്തൂർ പഞ്ചായത്ത് മേഖലകളിലാണുള്ളത്.
എന്നാൽ ഇവിടെ യാതൊരു അനുവാദവുമില്ലാതെ നിരവധി കെട്ടിടങ്ങൾ കനാലിന് സമീപത്തായി നിർമ്മിച്ചിരിക്കുകയാണ്. ഇത്രയും വ്യാപക കൈയേറ്റമുണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അവശേഷിക്കുന്ന കനാലിലാകട്ടെ ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും മാലിന്യങ്ങളും നിക്ഷേപിക്കുന്നു.
എ.വി.എം കനാൽ മാലിന്യ മുക്തമാക്കി കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിസ്ഥിതി പ്രവർത്തകർ രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ പഞ്ചായത്ത് കൈയേറ്റക്കാർക്കെതിരെ എടുത്ത നടപടിയുടെ ഭാഗമായി കൈയേറിയ ഭാഗം അളന്ന് തിട്ടപ്പെടുത്തി കനാൽ ഡിവിഷന് അറിയിപ്പ് നൽകിയെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല.
രാജഭരണകാലത്തെ ജലപാത
പൂവാർ, പൊഴിയൂർ, കൊല്ലംങ്കോട്, തേങ്ങാപ്പട്ടണം, കുളച്ചൽ, മണ്ടയ്ക്കാട്, പുത്തൂർ വഴി കന്യാകുമാരിയിലേക്കാണ് ജലപാത കടന്നുപോയിരുന്നത്. തൂത്തുക്കുടിയിൽ നിന്ന് ഉപ്പും, നാഞ്ചിനാട്ടിൽ നിന്ന് അരിയും മറ്റ് ധാന്യങ്ങളും തിരുവിതാംകൂറിൽ എത്തിച്ചിരുന്നത് ഈ ജലപാതയിലൂടെയായിരുന്നു. രാജഭരണ കാലത്തുടനീളം ഈ ജലപാതയിലൂടെ അയൽനാടുമായിട്ടുള്ള വ്യാപാരബന്ധം ശക്തി പ്രാപിച്ചിരുന്നു. പിൽക്കാലത്ത് റോഡ് ഗതാഗതം ശക്തി പ്രാപിക്കുകയും വ്യാപാര വ്യവസായ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ പുതിയ മാനങ്ങൾ തേടുകയും ചെയ്തപ്പോൾ എ.വി.എം കനാൽ ഉപയോഗശൂന്യമായി.
ജീവനെടുത്ത കൈയേറ്റം
കനാലിനോട് ചേർന്നുള്ള ഏക്കർ കണക്കിന് ഭൂമി കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കിയാണ് വൻകിട ഹോട്ടലുകളും റിസോർട്ടുകളും പണിതുയർത്തിയിരിക്കുന്നത്. ഇതിനോട് ചേർന്ന് വരുന്ന കനാലുകൾ മണ്ണിട്ട് നികത്തിയും കോൺക്രീറ്റ് ഭിത്തികൾ നിർമ്മിച്ച് വസ്തുവിന്റെ വിസ്തീർണം കൂട്ടിയും കനാൽ കൈയേറിയിരിക്കുകയാണ്. പ്രദേശവാസികൾക്ക് പോലും കനാലിൽ എത്തിപ്പെടാൻ കിലോമീറ്ററുകൾ മാറി സഞ്ചരിക്കേണ്ടിയിരിക്കുന്നു.
കവർന്നെടുക്കുന്ന ചരിത്രം
1860-ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് എ.വി.എം കനാൽ നിർമ്മിച്ചത്. തിരുവിതാംകൂറിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുകയും, അതിലൂടെ വ്യാപാര വാണിജ്യ ബന്ധം ശക്തിപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. സ്വർണ തൂമ്പയാൽ മഹാരാജാവ് തുടക്കം കുറിക്കുകയും പൂർണമായും മനുഷ്യനിർമ്മിതവുമായ കനാലിന് തിരുവിതാംകൂർ മഹാരാജാവിന്റെ കുലദൈവമായ അനന്തപത്മനാഭന്റെയും ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയുടെയും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെയും പേരുകൾ (എ.വി.എം) ചേർത്തായിരുന്നു നാമകരണം നടത്തിയത്. ഇന്ന് തമിഴ്നാടിന്റെ ഭാഗമായ കുളച്ചൽ വരെ ഒന്നാം ഘട്ടമായും, അതുകഴിഞ്ഞ് കന്യാകുമാരി വരെ രണ്ടാം ഘട്ടമായുമാണ് കനാലിന്റെ പണി പൂർത്തീകരിച്ചത്.