smart-eclipse

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ച് വി.എസ്.ടി മൊബിലിറ്റി സൊല്യൂഷൻസ് ആഗോള വിപണി ലക്ഷ്യമാക്കി കേരളത്തിൽ നിർമ്മിച്ച വെഹിക്കിൾ ട്രാക്കിംഗ് ഉപകരണമായ സ്മാർട്ട് എക്ലിപ്‌സ് വിപണിയിലിറക്കി. രാജ്യാന്തര കമ്പനിയായ ഹിയർ ടെക്‌നോളജി ആണ് എക്ലിപ്‌സ് ലോകവിപണിയിലെത്തിക്കുന്നത്. നൂറിലേറെ രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യാൻ ധാരണയായിട്ടുണ്ട്. പുതിയ ഉത്പന്നത്തിന്റെ വിജയം കണക്കിലെടുത്താൽ 140 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് കമ്പനിക്ക് ലഭിച്ചത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്പന്നം പുറത്തിറക്കി. കേരളത്തിൽ 14 ജില്ലകളിലുമുള്ള വിതരണാവകാശ സർട്ടിഫിക്കറ്റ് സെൻട്രൽ ഐ ട്രാക്ക് എന്ന സ്ഥാപനത്തിന് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് കൈമാറി. നിർമ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റമായ വിഡാഷ് ചടങ്ങിൽ കേരള ഐ.ടി മിഷൻ ഡയറക്ടർ ഡോ. എസ്. ചിത്ര പുറത്തിറക്കി. ആഗോള വിപണിയിൽ സ്മാർട്ട് എക്ലിപ്‌സ് വിതരണം ചെയ്യുന്നതിനുള്ള ധാരണാപത്രം ചടങ്ങിൽ ഇരു കമ്പനികളുടെയും പ്രതിനിധികൾ തമ്മിൽ കൈമാറി. ഹിയർ കമ്പനിയുമായുള്ള ധാരണാപത്രത്തിൽ വി.എസ്.ടി ഗ്ലോബൽ അലയൻസ് മാനേജർ ആദിത്യ വാഗ്രേയ് ഒപ്പുവച്ചു. ചടങ്ങിൽ വി.എസ്.ടിയുടെ പങ്കാളിത്ത സ്ഥാപനമായ ക്യുക് ടെല്ലിന്റെ ഇന്ത്യാ മേധാവി ദിനേശ് പട്കർ, ടാറ്റാ കമ്യൂണിക്കേഷൻസ് മൊബിലിറ്റ് സെയിൽസ് ജനറൽ മാനേജർ സൗരവ് ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.