തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് 40 ശതമാനം സീറ്റിൽ മത്സരിക്കുമെന്ന് പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മണ്ഡലം കമ്മിറ്റികൾ വിജയസാദ്ധ്യയുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ഉടൻ ജില്ലാ നേതൃത്വത്തിന് കൈമാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
. ബി.ഡി.ജെ.എസ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപനസമ്മേളനം ലഗൂണ ബീച്ച് റിസോർട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാർ. എൻ.ഡി.എയുടെ പ്രവർത്തനം താഴെത്തട്ടിലെത്തിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം തയ്യാറാകാത്തത് മുന്നണിയിൽ കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. പാലാ ഉപതിരഞ്ഞെടുപ്പിലും തുടർന്ന് നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും മുന്നണിയെ ഒറ്റക്കെട്ടായി നയിക്കുന്നതിൽ ബി.ജെ.പിക്ക് വീഴ്‌ചയുണ്ടായി. പാലായിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ഡി.ജെ.എസ് നേതാക്കളെ ഫോണിലൂടെ ബന്ധപ്പെടാൻ പോലും തയ്യാറായില്ല. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ വിജയത്തിനായി ബി.ഡി.ജെ.എസ് സംഘടിപ്പിച്ച കൺവെൻഷനിലും പങ്കെടുത്തില്ല. ഫലം വന്നപ്പോൾ ചില ബി.ജെ.പി നേതാക്കൾ ബി.ഡി.ജെ.എസിനെ കുറ്റപ്പെടുത്തി. അതിനാലാണ് അരൂരിൽ ബി.ഡി.ജെ.എസ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇക്കാര്യം ദേശീയ നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തി. മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ ബി.ജെ.പിയുടെ പരാജയം ബി.ഡി.ജെ.എസിന്റേത് കൂടിയാണ്. എല്ലാ കാലവും ഒരു മുന്നണിക്കൊപ്പം നിൽക്കാമെന്ന വാഗ്ദാനം ആർക്കും നൽകിയിട്ടില്ല. നിൽക്കുന്ന മുന്നണിക്കൊപ്പം ആത്ഥാർത്ഥമായി സഹകരിക്കും- തുഷാർ വ്യക്തമാക്കി.
ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അജി.എസ്.ആർ.എം അദ്ധ്യക്ഷനായി. പി.ടി.മൻമഥൻ, പ്രൊഫ.കോന്നി ഗോപകുമാർ എന്നിവർ ക്ലാസെടുത്തു. സംസ്ഥാന നേതാക്കളായ സിനിൽമുണ്ടപ്പള്ളി, നെടുമങ്ങാട് രാജേഷ്, ആലുവിള അജിത്ത്, ടി.എൻ.സുരേഷ്, പരുത്തിപ്പള്ളി സുരേന്ദ്രൻ, മലയിൻകീഴ് രാജേഷ്, ജില്ലാ ഭാരവാഹികളായ ആലച്ചക്കോണം ഷാജി, ഉപേന്ദ്രൻ കോൺട്രാക്ടർ,പാങ്ങോട് ചന്ദ്രൻ,അനീഷ് ദേവൻ, പേട്ട രാധാകൃഷ്ണൻ,ഇടവക്കോട് രാജേഷ്,ഗീതാമധു,കല്ലംപള്ളി സുജാത ,ഉഷാശിശുപാലൻ, ലേഖാസന്തോഷ്, ശിശുപാലൻ,ജി.ശിവകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ്‌പ്രസിഡന്റ് ഡി.വിപിൻ രാജ് സ്വാഗതവും ജനറൽ സെക്രട്ടറി വേണു കാരണവർ നന്ദിയും പറഞ്ഞു.