manavalan

നെയ്യാറ്റിൻകര: സ്ഥലം, നെയ്യാറ്റിൻകരയിലെ ഒരു കല്യാണ മണ്ഡപം. വിവാഹ മുഹൂർത്ത സമയം വരന്റെ ആദ്യ കാമുകി വിവാഹ മണ്ഡപത്തിലെത്തി. പെട്ടെന്നു തന്നെ വരൻ വധുവിനെ താലി ചാർത്തി കാറിൽ കയറി സ്ഥലം വിട്ടു. ഇന്നലെ രാവിലെയാണ് സിനിമ കഥയെ അനുസ്മരിപ്പിക്കും വിധം നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പുന്നക്കുളം സ്വദേശിയാണ് വരൻ. ആയയിൽ സ്വദേശിയായ വധുവിനെ താലി ചാർത്തുന്നതിനിടെയാണ് പൂർവ കാമുകിയായ നെടുമങ്ങാട് സ്വദേശിയുടെ രംഗ പ്രവേശം. ഇയാൾ തന്റെ ഭർത്താവാണെന്നും തന്നെ വിവാഹം കഴിച്ചിട്ടുണ്ടെന്നുമാണ് പെൺകുട്ടിയുടെ വാദം. എന്നാൽ പരിചയമേയുള്ളു എന്നും വിവാഹം കഴിഞ്ഞിട്ടില്ലെന്നുമായി വരൻ. സംഗതി ഇത്രയുമായപ്പോൾ വിവാഹ മണ്ഡപത്തിൽ നേരിയ തോതിൽ വാക്കുതർക്കങ്ങളായി. ഇതിനിടെ പെൺ വീട്ടുകാരിൽ ചിലർ പ്രതിഷേധിച്ച് വിവാഹ വേദി വിട്ടതൊടെ വരന്റെ വീട്ടുകാർ അറിയിച്ചതനുസരിച്ച് നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി. എന്നാൽ വിവാഹം കഴിച്ചതിന് മതിയായ രേഖകളൊന്നും പെൺകുട്ടിയുടെ കൈവശമില്ലായിരുന്നു. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കാര്യങ്ങൾ പറഞ്ഞൊതുക്കി. സംഗതി പന്തിയല്ലെന്ന് മനസിലാക്കിയ വരൻ പെട്ടെന്ന് തന്നെ മിന്നുകെട്ടി വധുവിനേയും കാറിൽ കയറ്റി സ്ഥലം വിടുകയായിരുന്നു.