ksrtc

തിരുവനന്തപുരം:നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിയുടെ പകുതിയോളം സർവീസുകൾ സ്വകാര്യമേഖലയ്ക്ക് കൈമാറാൻ സർക്കാർ ആലോചന. ഇക്കാര്യം ഗതാഗതവകുപ്പിന്റെ പരിഗണനയിലാണ്. ആദ്യഘട്ടമെന്നോണം സൂപ്പർക്ളാസ് സർവീസ് നടത്തുന്ന ബസുകളുടെ കാലാവധി തീരുന്ന മുറയ്ക്ക് സ്വകാര്യ ബസുകളെ നിയോഗിക്കാനാണ് ആലോചന. തൊട്ടുപിന്നാലെ നഗര സർവീസുകളും സ്വകാര്യന്മാരെ ഏല്പിക്കും. സ്വകാര്യവത്കരണം ഭാഗികമായി നടപ്പാക്കുന്നതോടെ കണ്ടക്ടർ, ഡ്രൈവർ നിയമനവും ഭാഗികമായി സ്വകാര്യമേഖലയ്ക്കാവും.

കെ.എസ്.ആർ.ടി.സിക്ക് ഇനിയും പിടിച്ചുനിൽക്കാനാവില്ലെന്ന് വരുത്തിത്തീർത്ത ശേഷം ഘട്ടംഘട്ടമായി സ്വകാര്യവത്കരിക്കുകയാണ് ലക്ഷ്യം. കെ.എസ്.ആർ.ടി.സിയുടെ സ്വകാര്യവത്കരണത്തിന്റെ തുടക്കം

വാടക സ്കാനിയ ബസുകൾ അവതരിപ്പിച്ചു കൊണ്ടായിരുന്നു. സ്വന്തം നിലയ്ക്ക് ബസ് വാങ്ങാൻ കഴിയാത്തതുകൊണ്ടാണ് വാടകവണ്ടി എന്ന ആശയം ആദ്യം എതിർക്കപ്പെടാതിരുന്നത്. വാടക സ്കാനിയയിൽ ഡ്രൈവർ നിയമനാധികാരം സ്വകാര്യ കമ്പനിക്കായിരുന്നു. ഇപ്പോൾ ശമ്പളം നൽകാൻ പോലും കെ.എസ്.ആർ.ടി.സിക്ക് പണമില്ല. സർക്കാർ നൽകിവന്ന ധനസഹായവും മുടങ്ങി. ബസുകൾ വാങ്ങാൻ ധനവകുപ്പിനോട് പണം ചോദിക്കാനുള്ള ധൈര്യം പോലും ഗതാഗത വകുപ്പിനില്ല. സർക്കാരിൽ നിന്നു കിട്ടുന്ന ധനസഹായത്തിന്റെ ഭൂരിഭാഗവും പെൻഷനും ശമ്പളത്തിനുമാണ് ചെലവഴിക്കുന്നത്.

 'സ്വകാര്യ' പരിണാമം ഇങ്ങനെ

ഇന്നലെ

വാടക സ്കാനിയ പത്ത് ആദ്യം പുറത്തിറക്കി. അടുത്ത പടിയായി 10 ഇലക്ട്രിക് ബസുകളും വാടകയ്ക്ക് ഇറക്കി. കണ്ടക്ടറെ നിയമിക്കുന്നത് കെ.എസ്.ആർ.ടി.സി, ഡ്രൈവറെ നിയമിക്കുന്നത് സ്വകാര്യകമ്പനി.

ഇന്ന്

250 ഇലക്ട്രിക് ബസുകൾ കൂടി വാടകയ്ക്ക് ഇറക്കാൻ ടെൻ‌ഡർ ക്ഷണിച്ചു. മൂന്നു കമ്പനികൾ രംഗത്ത്. വ്യവസ്ഥ പ്രകാരം ഡ്രൈവർ, കണ്ടക്ടർ നിയമനം സ്വകാര്യ കമ്പനിക്ക്

നാളെ

സൂപ്പർ ക്ളാസ് സർവീസുകളിൽ ഒരു ഭാഗം കൈമാറും. ഡ്രൈവർ മാത്രമല്ല, കണ്ടക്ടർ നിയമനവും സ്വകാര്യ മ്പനിക്ക് മാത്രം. ബസ് വാങ്ങാൻ പണമില്ലെന്നു കാട്ടി പിന്നെ എത്ര സർവീസ് വേണമെങ്കിലും വാടക എന്ന പേരിൽ സ്വകാര്യമേഖലയ്ക്ക് കൈമാറാം

 നടത്തേണ്ട സർവീസുകൾ 6200

 ഒരു വർഷം മുമ്പ് നിരത്തിലുണ്ടായിരുന്നത് 5200- 5400

 രണ്ടു മാസം മുമ്പ് സർവീസുകൾ 4200- 4800

 ഇപ്പോൾ 4000-4500

സർക്കാർ പണം അനുവദിച്ചത്

2016-17 ⇒ ₹305.61 കോടി

2017-18 ⇒ ₹864.60 കോടി

2018-19 ⇒ ₹1061.95 കോടി

ഈ സാമ്പത്തിക വർഷം ഇതുവരെ ₹629.59 കോടി

 നഗര ഗതാഗതം മാറുമ്പോഴും നഷ്ടം

നിയമസഭ പാസാക്കിയ കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി ബില്ല് നടപ്പിലാകുമ്പോൾ റെയിൽ, റോ‌ഡ്, ജല ഗതാഗതങ്ങൾ ഏകോപിപ്പിക്കപ്പെടും. നഗരത്തിലെ ബസ് സർവീസുകൾ അതിനനുസരിച്ച് ക്രമീകരിക്കേണ്ടി വരും. എന്നാൽ ഇപ്പോഴത്തെ ബസുകൾ കൊണ്ട് കെ.എസ്.ആർ.ടി.സിക്ക് അതിനു സാധിക്കില്ല. അപ്പോഴും നേട്ടം കൊയ്യുന്നത് സ്വകാര്യന്മാരായിരിക്കും.