cleaning

കിളിമാനൂർ: കൈലിയും ഷർട്ടും ധരിച്ച് തലയിൽ തോർത്തും കെട്ടി എം.എൽ.എറോഡ് വൃത്തിയാക്കാനിറങ്ങിയതോടെ ഇതുവരെ കണ്ണടച്ചിരുന്ന പഞ്ചായത്ത് അധികൃതർ ഒപ്പമിറങ്ങി. പഴയ സംസ്ഥാന പാതയും പാലവും ക്ലീനായി!.

ബി. സത്യൻ എം.എൽ.എയാണ് കിളിമാനൂരിലെ പഴയ സംസ്ഥാന പാതയും പാലവും ശുചീകരിക്കാൻ രംഗത്തെത്തിയത്. സംസ്ഥാനപാതാ വികസനത്തിന്റെ ഭാഗമായി പുതിയ പാത വന്നതോടെ പഴയ പാതയെ അധികൃതർ പാടെ അവഗണിക്കുകയായിരുന്നു.

ആ പാതയിലാണ് ഹിൽവേ റോഡ്, കുന്നുമ്മേൽ എന്നിവിടങ്ങളിലേക്കുള്ള രണ്ട് റോഡുകളും ഒരു പാലവും സ്ഥിതി ചെയ്യുന്നത്. മാത്രമല്ല 600ൽപ്പരം കുട്ടികൾ പഠിക്കുന്ന കിളിമാനൂർ ടൗൺ യു.പി.എസും സ്ഥിതി ചെയ്യുന്നത് ഈ റോഡിന് സമീപത്തായാണ്.

കഴിഞ്ഞ കുറേ നാളുകളായി ഈ റോഡിൽ സ്വകാര്യ വ്യക്തികൾ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനങ്ങൾ കൊണ്ടിടുന്നതും, കെ.എസ്.ഇ.ബി.യുടെ പോസ്റ്റുകളും, വാട്ടർ അതോറിട്ടിയുടെ കുഴികളും ഒക്കെയായി ഈ റോഡ് കാൽനടയാത്രയ്ക്ക് പോലും ബുദ്ധിമുട്ടായി മാറി.

റോഡിന് ചേർന്നുള്ള മതിൽ കെട്ടിനകത്താണ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഇവിടം കാട് കയറി വൃത്തികേടായി. തുരുമ്പിച്ച വാഹനങ്ങൾക്കിടയിലെ ഇഴജന്തുക്കളെ പേടിച്ചാണ് കുട്ടികൾ സ്കൂളിലെത്തിയിരുന്നത്.

ഇപ്പോഴത്തെ സംസ്ഥാന പാതയിൽ നിന്ന് പഴയ സംസ്ഥാന പാതയിലൂടെ സ്കൂളിലേക്ക് എത്തുന്നതിന് കൊളോണിയൽ കാലത്തെ ഒരു പാലം കൂടി കടക്കേണ്ടതുണ്ട്. ഈ പാലത്തിന്റെ ഇരുവശങ്ങളും കാടുപിടിച്ച് കിടക്കുകയായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി 'കേരള കൗമുദി" വാർത്ത നൽകിയിരുന്നു.

ഇതോടെ എം.എൽ.എ മുന്നിട്ടിറങ്ങി പാത വൃത്തിയാക്കുകയായിരുന്നു. ഒപ്പം പഞ്ചായത്തംഗങ്ങളും പൊലീസും കെ.എസ്.ഇ.ബിയും വാട്ടർ അതോറിട്ടിയും റസിഡന്റ്സ് അസോസിയേഷനുകളും കുടുംബശ്രീ പ്രവർത്തകരും ചേർന്നു.