മലയിൻകീഴ്: ബൈക്കുകളിലെത്തി പെരുകാവ്, കീണ ഭാഗങ്ങളിൽ വ്യാപക അക്രമം നടത്തിയ കേസിൽ നാല് യുവാക്കളെ മലയിൻകീഴ് പൊലീസ് പിടികൂടി. പെരുകാവ് കവലോട്ടുകോണം കിഴക്കുംകര വീട്ടിൽ എസ്. രമേഷ് (22, ജോസ്),തൃക്കണ്ണാപുരം ആറാമട കൃഷ്ണകൃപയിൽ ബി. അരവിന്ദ് (21, മിട്ടു),പെരുകാവ് തൈവിള സരസ്വതി വിലാസത്തിൽ ആർ. ഗോകുൽ (22, നന്ദു), പെരുകാവ് വേലൻവിളാകം പണയിൽ വീട്ടിൽ ബി. വിനീഷ് (20, ചിന്നൂസ്) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ 17 ന് രാത്രിയായിരുന്നു സംഭവം. ഇവർ ബൈക്കുകളിലെത്തി ആക്രമണം നടത്തുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പെരുകാവ് സ്വദേശി വിജു ജി. നായരുടെ മാരുതി കാർ, മങ്കാട്ടുകടവ് റൊസാരി വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ദിലീപ്കുമാറിന്റെ ഹ്യൂണ്ടായ് കാർ, പെരുകാവിലുള്ള വൃദ്ധയുടെ ഉന്തുവണ്ടിയിലുള്ള തട്ടുകട, പെരുകാവ് ദേവീക്ഷേത്രത്തിലെ ആർച്ച്, മൃഗാശുപത്രി ബോർഡ് എന്നിവയാണ് സംഘം തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരുപ്രതി ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. മലയിൻകീഴ് എസ്.ഐ.സൈജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.