behhra

തിരുവനന്തപുരം : ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കുന്നതിനായി നഗരത്തെ ആറു മേഖലകളായി തിരിച്ച് 'ചീറ്റ" എന്നറിയപ്പെടുന്ന ആറ് എൻഫോഴ്സ്‌മെന്റ് വാഹനങ്ങൾ ഏർപ്പെടുത്തുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. ഒരാഴ്ചയ്ക്കകം പുതിയ സംവിധാനം നിലവിൽ വരും.

ട്രാഫിക് ക്രമീകരണത്തിലെ പോരായ്മകൾ പരിഹരിക്കാൻ പൊലീസ് ട്രെയിനിംഗ് കോളേജിൽ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരത്തിൽ ഇന്റഗ്രേറ്റഡ് ട്രാഫിക് സംവിധാനം ആറുമാസത്തിനകം നടപ്പിൽ വരും. ഗതാഗതപ്രശ്നങ്ങൾ അധികൃതരെ അറിയിക്കുന്നതിന് മൊബൈൽ ആപ്പ് സംവിധാനം ഉടൻ ഏർപ്പെടുത്തും. ഇതുവഴി ആർക്കും ഗതാഗതനിയമലംഘനങ്ങൾ കാമറയിൽ പകർത്തി പൊലീസിന് അയയ്ക്കാം. തുടർന്ന് പിഴ നിശ്ചയിച്ച് നോട്ടീസ് വാഹനഉടമയ്ക്ക് അയയ്ക്കും. ഇ-മെയിലിലൂടെയും നേരിട്ടുമായി മുന്നൂറിലധികം നിർദ്ദേശങ്ങളും പരാതികളുമാണ് യോഗവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് ലഭിച്ചത്. ട്രാഫിക് ക്രമീകരങ്ങളുമായി ബന്ധപ്പെട്ട് മൂവായിരം നിർദ്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് നടപടി സ്വീകരിക്കാൻ ഡി.സി.പി ആർ. ആദിത്യയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി. പൊതുജനങ്ങൾ നൽകിയ നിർദ്ദേശങ്ങളിന്മേൽ മൂന്നുമാസത്തിനകം നടപടി സ്വീകരിക്കും. നയപരമായ തീരുമാനം ആവശ്യമായ നിർദ്ദേശങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്ക് നൽകും. സിറ്റി പൊലീസ് കമ്മിഷണർ എം.ആർ. അജിത് കുമാർ, അഡിഷണൽ പൊലീസ് കമ്മിഷണർ ഹർഷിത അട്ടല്ലൂരി എന്നിവരും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും യോഗത്തിൽ പങ്കെടുത്തു.

പരാതി പ്രളയം

ട്രാഫിക് പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഡി.ജി.പി വിളിച്ചു ചേർത്ത യോഗത്തിൽ പരാതിക്കെട്ടഴിച്ച് പൊതുജനങ്ങൾ. നഗരത്തിൽ ജാഥകൾ മൂലമുള്ള ട്രാഫിക് തടസം ഒഴിവാക്കാൻ പ്രത്യേകവേദിക്ക് രൂപം നൽകണമെന്നായിരുന്നു പ്രധാന ആവശ്യം. കടകൾക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതുമൂലം നേരിടുന്ന ബുദ്ധിമുട്ടുകൾ വ്യാപാരികൾ ചൂണ്ടിക്കാട്ടി.
വൻ വ്യാപാരസ്ഥാപനങ്ങളിലെ പാർക്കിംഗ് സംവിധാനം വാടകയ്ക്ക് കൊടുക്കുന്നതും ഇടറോഡുകളിലെ അനധികൃത പാർക്കിംഗ്, ഇരുദിശകളിലേക്കും പോകുന്ന ബസുകൾക്ക് ഒരേ പോയിന്റിൽ സ്റ്റോപ്പ് അനുവദിക്കുന്നത്, സിഗ്നൽ ലൈറ്റ് തകരാറുകൾ എന്നിവയും ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഈഞ്ചയ്ക്കൽ, അട്ടക്കുളങ്ങര, പൂജപ്പുര, തിരുമല, ശ്രീകാര്യം, ഉള്ളൂർ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന ആവശ്യവും ഉയർന്നു.