65

വർക്കല: തീരദേശ മേഖലയായ ചിലക്കൂർ - വള്ളക്കടവിലെ കൊച്ചുപാലം അപകടാവസ്ഥയിൽ. രാജഭരണക്കാലത്ത് നിർമ്മിച്ച ഈ പാലം നാളിതുവരെ നവീകരിച്ചിട്ടില്ല.

മത്സ്യ മേഖലയിലെ സ്ത്രീകൾ അടക്കമുള്ള തൊഴിലാളികൾ ഈ പാലത്തിലൂടെയാണ് നിത്യവും സഞ്ചരിക്കുന്നത്.

വർക്കല നഗരസഭയിലെ 20, 21 വാർഡുകളുടെ ഹൃദയ ഭാഗത്തുകൂടി കടന്ന് പോകുന്ന പാലത്തിന് സമീപം തെരുവ് വിളക്കുകൾ പോലും കത്തുന്നില്ല. പുലർച്ചേ മത്സ്യ ബന്ധനത്തിനായി പോകുന്ന തൊഴിലാളികളിൽ പലരും പാലത്തിലൂടെ ബൈക്കിലാണ് സഞ്ചരിക്കുന്നത്. മതിയായ വെളിച്ചം ഇല്ലാത്തതിനാൽ തലനാരിഴയ്ക്കാണ് പലരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്. മഴയെ തുടർന്ന് പാലത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്..

പാലത്തിന്റെ അടിഭാഗത്തുകൂടി കടന്നു പോകുന്ന ടി.എസ് കനാലിന്റെ നീരൊഴുക്ക് നിലച്ചതിനാൽ എക്കലും മറ്റു മാലിന്യങ്ങളും കെട്ടിനിന്ന് ദുർഗന്ധവും പരത്തുകയാണ്. നിരവധി തവണ പ്രദേശവാസികൾ സ്ഥലം എം.എൽ.എ ഉൾപ്പെടെയുളള ജന പ്രതിനിധികൾക്ക് പാലം പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയിട്ടും യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ചിലക്കൂർ വള്ളക്കടവ് നിവാസികൾ പറയുന്നു.