
നെടുമങ്ങാട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അരുവിക്കര സന്ദർശിക്കുന്നവർക്ക് ഇനി കുളിക്കാനും സുരക്ഷിതമായി വസ്ത്രം മാറാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യവും റെഡി. ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത 'വഴിയമ്പലം" പദ്ധതിയാണ് ഏറെക്കാലമായി സഞ്ചാരികളെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് തീർപ്പാക്കിയത്. വിനോദ സഞ്ചാരകേന്ദ്രം എന്ന നിലയിൽ സ്കൂൾ- കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെ നൂറുകണക്കിന് സന്ദർശകരാണ് നിത്യവും ഇവിടെ വന്നു മടങ്ങുന്നത്. സായാഹ്നങ്ങളിൽ തലസ്ഥാന നഗരിയിൽ നിന്നുള്ളവരും പ്രദേശവാസികളും കുടുംബസമേതം അരുവിക്കരയിലെത്തും. പ്രാഥമികകൃത്യ നിർവഹണത്തിനോ, കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണം വാങ്ങി നല്കുന്നതിനോ യാതൊരു സൗകര്യവും നിലവിൽ ഇല്ല. ദുരിതം ബോദ്ധ്യമുള്ളവർ ഒരിക്കൽ വന്നാൽ പിന്നീട് വരാൻ മടിക്കും. ഓണം വാരാഘോഷ വേളയിലും പിതൃതർപ്പണ ദിനത്തിലും ദൂരെ സ്ഥലങ്ങളിൽ നിന്നും ഇവിടെയെത്തുന്നവർ പരക്കം പായുന്നത് പതിവ് കാഴ്ചയാണ്. ടൂറിസം, ജല അതോറിട്ടി അധികാരികൾക്കും ജനപ്രതിനിധികൾക്കും സന്ദർശകർ പലതവണ നിവേദനം നല്കിയിട്ടും പരിഹാരമുണ്ടായില്ല. ഇതുസംബന്ധിച്ച് നേരത്തെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ജല അതോറിട്ടിയുടെ ഉടമസ്ഥയിലുള്ള പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന ബന്ധപ്പെട്ടവരുടെ പിടിവാശിയാണ് പരിഹാര നടപടികൾ നീണ്ടുപോകാൻ ഇടയാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ജല അതോറിട്ടി വഴിയമ്പലം നിർമ്മിക്കാനുള്ള സ്ഥലം ഗ്രാമപഞ്ചായത്തിന് കൈമാറുകയായിരുന്നു. വൈദ്യുതി, വാട്ടർ ബില്ലുകൾ ഗ്രാമപഞ്ചായത്ത് ഒടുക്കുമെന്ന ഉറപ്പിലാണ് സ്ഥലം നല്കിയത്.
അരുവിക്കര ഡാമിനു സമീപത്താണ് വഴിയമ്പലം. മാർബിളും ടൈലും പാകി ശില്പ ചാതുരിയോടെ നിർമ്മിച്ച മന്ദിരം ഏറെ മനോഹരമാണ്. മുറ്റവും പ്രവേശന കവാടവും തറയോട് പാകി ചുറ്റുവേലിയും സ്ഥാപിച്ചിട്ടുണ്ട്. വഴിയമ്പലത്തിന്റെ മേൽനോട്ട ചുമതല ഗ്രാമപഞ്ചായത്തിനെയാണ് ഏല്പിച്ചിട്ടുള്ളത്. കുടുംബശ്രീ ഗ്രൂപ്പിന് കരാർ നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതർ. ശുചിത്വ മിഷന്റെ മാർഗനിർദേശം അനുസരിച്ച് കൃത്യതയോടെ വഴിയമ്പലം പ്രവർത്തിപ്പിക്കാൻ നടപടി വേണമെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.