തിരുവനന്തപുരം: വിദേശത്ത് നിന്നു കൊണ്ടുവന്ന ഒരു കിലോ സ്വർണം വിമാനത്താവളത്തിൽ പിടികൂടി. വള്ളക്കടവ് സ്വദേശികളായ ഹനീഫ സജീർ, സിദ്ധിഖ് എന്നിവരെ എയർകസ്റ്റംസ് അറസ്റ്റുചെയ്തു. ഇന്നലെ പുലർച്ചെ 2.30ന് ദുബായിൽ നിന്ന് എത്തിയ എയർഇന്ത്യ എക്സ്പ്രസിന്റെ 540-ാം നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്ന ഇവർ അരക്കിലോയോളം തൂക്കം വരുന്ന രണ്ടു കട്ടിംഗ് ചെയിനുകളാക്കി ഹാൻഡ് ബാഗിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. പിടികൂടിയ സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 35 ലക്ഷത്തോളം രൂപ വിലവരും. എയർകസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്ണേന്ദു രാജ മിന്റുവിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മിഷണർ സിമി, സൂപ്രണ്ടുമാരായ രാമചന്ദ്രൻ, മനോജ്, ഇൻസ്പെക്ടർമാരായ മേഘ, അമാൻ, വിശാഖ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.