തിരുവനന്തപുരം:കൈത്തറി സ്‌കൂൾ യൂണിഫോം മേഖലയിൽ പണിയെടുക്കുന്ന കൈത്തറിത്തൊഴിലാളികൾക്കുള്ള കൂലി കുടിശിക ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യവസായ മന്ത്റി ഇ.പി .ജയരാജന് കത്ത് നൽകി. തിരുവനന്തപുരം മേഖലയിൽ ആറ് മാസമായും കണ്ണൂർ മേഖലയിൽ അഞ്ച് മാസമായും കൂലി ലഭിക്കുന്നില്ല. കൈത്തറി മേഖലയെ സംരക്ഷിക്കാനും, തൊഴിലില്ലായ്മ പരിഹരിക്കാനും വേണ്ടിയാണ് സർക്കാർ സ്‌കൂൾ യൂണിഫോമുകൾ കൈത്തറിമേഖലയിലാക്കിയത്. തുടക്കത്തിൽ നല്ല രീതീയിൽ നടന്നു വന്ന ഈ സംരംഭം ഇപ്പോൾ തകർച്ചയിലാണ്.ഒരു മാസം ഒരു നെയ്തുകാരൻ 150 മീറ്റർ തുണി നെയ്താൽ ലഭിക്കുന്നത് കേവലം 6300 രൂപയാണ്. ഈ തുക മാസങ്ങളോളം കുടിശിക കൂടിയായപ്പോൾ കൈത്തറി തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. അത് കൊണ്ട് കുടിശിക മുഴുവനും അതത് സംഘങ്ങളുടെ അക്കൗണ്ടിൽ ഉടൻ നൽകി തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.