salary

തിരുവനന്തപുരം: കഴിഞ്ഞ മാസത്തെ ശമ്പളം എന്നു കിട്ടും സാർ?​ കെ.എസ്.ആർ.ടി.സിയുടെ തലപ്പത്തിരിക്കുന്നവരോട് തൊഴിലാളികൾ ചോദിച്ചാൽ ആ സാർ കൈമലർത്തും. കോർപ്പറേഷന്റെ തലപ്പത്തിരിക്കുന്നവർക്ക് പകുതി ശമ്പളമേ ഇതുവരെ കിട്ടിയുള്ളൂ. ബാക്കി ശമ്പളം ഇനി ഈ മാസം കിട്ടാനും പോകുന്നില്ല. ഒക്ടോബറിലെ ബാക്കി ശമ്പളത്തിന് ഡിസംബറിലും കാത്തിരിക്കേണ്ടി വരുമെന്ന് അർത്ഥം.

ശമ്പള വിതരണം മുടങ്ങിയതിനെതിരെ ജീവനക്കാരുടെ സംഘടനകൾ സമരം നടത്തി വരികയായിരുന്നു. പ്രധാന സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ കോർപ്പറേഷൻ ആസ്ഥാനം ഉപരോധിച്ചു. 23 ന് ശമ്പളം വിതരണം ചെയ്യുമന്ന് അറിയിപ്പു വന്നതോടെ സമരക്കാർ വീടുകളിലേക്കു മടങ്ങി. പക്ഷെ, എല്ലാവർക്കും ശമ്പളം ലഭിച്ചില്ല. ഡ്രൈവർ,​ കണ്ടക്ടർ ജീവനക്കാർക്കാണ് മുഴുൻ ശമ്പളവും ശനിയാഴ്ച നൽകുമെന്ന് അറയിച്ചിരുന്നത്. അതും ഭാഗികമായേ നടന്നുള്ളൂ. ഇൻസ്പെക്ടർമാർ, മെക്കാനിക്കുകൾ ഉൾപ്പെടെ മറ്റുള്ളവർക്ക് ശമ്പളബാക്കി കിട്ടിയിട്ടില്ല.

സർക്കാർ കൈവിട്ടതിനെ തുടർന്ന് കളക്ഷൻ തുകയിൽ നിന്നെടുത്ത 18 കോടി കൊണ്ടാണ് ശനിയാഴ്ച ശമ്പള വിതരണം നടത്തിയത്. എല്ലാവർക്കും ശമ്പളം കൊടുക്കാൻ 22 കോടി രൂപ കൂടി വേണം. സർക്കാർ ധനസഹായം കിട്ടിയില്ലെങ്കിൽ അതും നടക്കില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി മന്ത്രി എ.കെ.ശശീന്ദ്രൻ ചർച്ച നടത്തുമെന്നു പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായിട്ടില്ല. അദ്ദേഹമാകട്ടെ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ജപ്പാനിലേക്ക് പോകുകയും ചെയ്തു.

എംപ്ലോയീസ് ആസോസിയേഷൻ സമരം അവസാനിപ്പിച്ചെങ്കിലും എ.ഐ.ടി.യു.സിയുടെ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ തമ്പാനൂരിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടു. നിരാഹാരം അനുഷ്ഠിച്ചിരുന്ന സിറ്റി യൂണിറ്റിലെ എം.കെ.സുഭാഷിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി അരുൺകുമാർ നിരാഹാരം തുടങ്ങി.

''സർക്കാർ കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങളെ ഗൗരവത്തോടെ കാണുന്നില്ല. സ്വന്തം വകുപ്പിലെ തൊഴിലാളികൾ ശമ്പളമില്ലാതെ പട്ടിണി കിടക്കുമ്പോൾ ഗതാഗത പ്രശ്നം പഠിക്കാൻ മന്ത്രി വിദേശത്തു പോയത് ശരിയായില്ല''-

എം.ജി.രാഹുൽ

ജനറൽ സെക്രട്ടറി

ട്രാൻ. എംപ്ലോയീസ് യൂണിയൻ