തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ പത്ത് ദിവസമായി നടന്ന ക്രിസ്തുരാജത്വ തിരുനാൾ ഇന്നലെ സമാപിച്ചു. തിരുനാൾ സമാപനമായ ഇന്നലെ ക്രിസ്തുരാജ പാദത്ത് സമൂഹദിവ്യബലിയും, ദേവാലയത്തിൽ തമിഴ് ദിവ്യബലിയും, സീറോ മലബാർ ക്രമത്തിലുള്ള ദിവ്യബലിയും നടന്നു. തുടർന്ന് തിരുനാൾ ദിവ്യബലിക്ക് ശേഷം ഭക്തജനങ്ങൾക്കായി ഒരുക്കിയ സ്നേഹവിരുന്നിൽ അൻപതിനായിരത്തോളം പേർ പങ്കെടുത്തു. കുഞ്ഞുങ്ങൾക്കായുള്ള ആദ്യ ചോറൂട്ടും നടന്നു. പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത മോസ്റ്റ് ഡോ. സൂസപാക്യം മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ വൈദികരും കന്യാസ്ത്രീകളും, നൊവീഷ്യേറ്റ്സും, സെമിനാരി വിദ്യാർത്ഥികളും അകമ്പടിയായി. 29ന് വൈകുന്നേരത്തെ ദിവ്യബലിക്ക് ശേഷം കൊടിയിറക്ക് കർമ്മം നടക്കും. അഞ്ച് ലക്ഷത്തിലധികം ഭക്തജനങ്ങൾ വിവിധ ദിവസങ്ങളിലായി നടന്ന തിരുകർമ്മങ്ങളിൽ പങ്കെടുത്തതായി ഭാരവാഹികൾ പറഞ്ഞു.