
വക്കം: മീരാൻ കടവ് പാലത്തിലെ തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി മീരാൻ കടവ് പാലത്തിലെ 16 ലൈറ്റുകൾ പണിമുടക്കിയിട്ട്. ഇതെക്കുറിച്ച് കഴിഞ്ഞ ദിവസം ചിത്രം സഹിതം വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡി.വൈ.എഫ്.ഐ പ്രത്യക്ഷ സമരവുമായി രംഗത്ത് എത്തിയത്. അഞ്ചുതെങ്ങ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൈകിട്ട് കത്താത്ത ലൈറ്റിന് മുന്നിൽ കാർത്തിക ദീപം തെളിച്ച് പ്രതിഷേധിച്ചു. ലൈറ്റ് കത്തിക്കൽ സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ തുടർ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര പറഞ്ഞു.