കടയ്ക്കാവൂർ: പാലം പൊട്ടിപ്പൊളിഞ്ഞ് ഏതുനിമിഷവും നിലം പൊത്താവുന്ന നിലയിലായിട്ടും അധികൃതർക്ക് യാതൊരനക്കവും ഇല്ല. കടയ്ക്കാവൂർ ചിറയിൻകീഴ് റോഡിലുള്ള തോട് പാലത്തിന്റെ അവസ്ഥയാണിത്. കൈവരികൾ പലതും ദ്രവിച്ചിരിക്കുന്നതിനാൽ തൊട്ടാൽ ഇളകി പോകുന്ന അവസ്ഥയിലാണ്. കൈവരികൾക്കിടയിലുള്ള പൈപ്പുകൾ പലതും ദ്രവിച്ചു ഇളകി പോയിരിക്കുന്നു. പാലത്തിന്റെ അടിയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീണു കമ്പികൾ ദ്രവിച്ച അവസ്ഥയിലുമാണ്. പാലത്തിന്റെ അടി വശവും സമീപപ്രദേശങ്ങളും മാലിന്യം കൊണ്ട് തള്ളി അഴുകി ദുർഗന്ധം വമിക്കുകയാണ്. തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായതിനാൽ രാത്രികാല യാത്രക്കാർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റ സംഭവുമുണ്ട്. സമീപ പ്രദേശങ്ങളിൽ ആൾ താമസമില്ലാത്തതിനാൽ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന ഒരു പ്രദേശമായി മാറിയിരിക്കുകയാണിവിടം. മുപ്പതോളം സർവാസ് ബസുകളും ഒട്ടനവധി ഭാരം കയറ്റിയ വാഹനങ്ങളും അനവധി സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും കൊണ്ട് തിരക്കേറിയ പാലമാണിത്. പ്രസിദ്ധമായ ശാർക്കര ദേവീ ക്ഷേത്രം, താലൂക്ക് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, അഞ്ചുതെങ്ങ് ഫിഷറീസ് ഹാർബർ എന്നിവിടങ്ങളിലേക്കുള്ള പാലവുമാണിത്. ഇത്രയും ഗതാഗത തിരക്കുള്ള ഈ പാലത്തിന്റെ അവസ്ഥ ഈ നിലയിലായിട്ടും അധികൃതർ അനങ്ങുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.