നെടുമങ്ങാട്: റബർ വിപണി നാൾക്കുനാൾ കൂപ്പുകുത്തുന്ന പശ്ചാത്തലത്തിൽ റബർ കർഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും സംഗമവും സംവാദവും ഒരുക്കി കേരളകൗമുദി. 28 ന് രാവിലെ 10.30 ന് റവന്യൂ ടവർ നടുത്തളത്തിലാണ് റബർ കർഷക സംഗമം. കർഷകരും തൊഴിലാളികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ അഭിപ്രായങ്ങളും മാർഗ നിർദ്ദേശങ്ങളും തേടലാണ് കർഷക സംഗമത്തിന്റെ ലക്ഷ്യം. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ. അജിത്കുമാർ മോഡറേറ്ററാവും. റബർ ഉത്പാദക സംഘങ്ങളുടെ ഏകോപന സമിതിയായ എൻ.എഫ്.ആർ.പി.എസ് റീജിയണൽ പ്രസിഡന്റ് എ.ആർ. നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് ക്യാപ്ടൻ ജോർജ് ജോസഫ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉപഹാര സമർപ്പണവും ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ പ്രത്യേക സപ്ലിമെന്റ് പ്രകാശനവും നിർവഹിക്കും. ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മിഷണർ കെ. കൃഷ്ണൻകുട്ടി, ഡെവലപ്മെന്റ് ഓഫീസർ കെ.ജി. ജയകുമാർ, അനന്തപുരി റബേഴ്‌സ് മാനേജിംഗ് ഡയറക്ടർ എസ്. നിർമ്മലകുമാർ എന്നിവർ ചർച്ച നയിക്കും. പ്രാദേശിക റബർ ഉത്പാദക സംഘങ്ങളുടെ പ്രസിഡന്റുമാരായ മുണ്ടേല ശശിധരൻ നായർ, കല്ലിയോട് ഷുഹറുദീൻ, വാമനപുരം ജയകുമാർ, കുളപ്പട വിഷ്ണുശർമ്മ എന്നിവർ വിഷയാവതരണം നടത്തും. എൻ.എഫ്.ആർ.പി.എസ് റീജിയണൽ ജനറൽ സെക്രട്ടറി ബി.എൽ കൃഷ്ണപ്രസാദ് സ്വാഗതവും ദേശീയ വൈസ് പ്രസിഡന്റ് കരിക്കുഴി അപ്പുക്കുട്ടൻ നായർ മറുപടിയും പറയും.