നെയ്യാറ്റിൻകര : നിർത്തിയിട്ടിരുന്ന കെ. എസ്. ആർ. ടി. സി ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.വെടിവച്ചാൻകോവിൽ ചാത്തലം പാട്ടുകോണം പാറയടിവിള വടക്കുംകര വീട്ടിൽ മനു മുരളി (39) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെ മംഗലത്തുകോണം സി.എസ്.ഐ പള്ളിക്ക് സമീപമാണ് അപകടം . മനു മുരളിയടക്കം മൂന്നുപേർ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മറ്റുരണ്ടുപേരും ചികിത്സയിലാണ് .
കാട്ടാക്കട ഭാഗത്തേക്കും വിഴിഞ്ഞം ഭാഗത്തേക്കും പോകേണ്ടിയിരുന്ന ബസുകൾ നിർത്തിയിട്ടിരുന്ന സമയത്താണ് അപകടം . വിഴിഞ്ഞത്ത് നിന്ന് ബാലരാമപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന് പിന്നിൽ മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകട സ്ഥലത്തു വച്ചു തന്നെ മനു മുരളി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന മുക്കംപാലമൂട് സ്വദേശി സജീവിന് കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. പിന്നിലിരുന്ന മുക്കോല സ്വദേശി ശിവകുമാറും സജീവും പരിക്കുകളോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ്. തൈയ്ക്കാട് ശിശുക്ഷേമ സമിതിയിൽ ജീവനക്കാരിയായ കവിതയാണ് മനു മുരളിയുടെ ഭാര്യ .മക്കളായ ത്രിലോക് കോട്ടുകാൽക്കോണം സ്കൂളിലും ത്രിശാൽ നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിലും പഠിക്കുന്നു .