photo

തിരുവനന്തപുരം: ടീച്ചറേ, സാക്ഷരത എന്നാലെന്താണ്?. പ്രായമായവരൊക്കെ പഠിക്കുന്നത് എന്തിനാ ?. ആദിവാസികളൊക്കെ ഉൾവനത്തിൽ അല്ലേ, അവരെ അവിടെച്ചെന്ന് എങ്ങനെ പഠിപ്പിക്കും ?... .

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളോടൊപ്പം' പരിപാടിയുടെ ഭാഗമായി എഴുത്തുകാരികൂടിയായ സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകലയെ ഓഫീസിൽ സന്ദർശിക്കാനെത്തിയ പി.എം.ജി സിറ്റി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ 15 അംഗ വിദ്യാർത്ഥി സംഘത്തിന് സംശയങ്ങളനവധിയായിരുന്നു.
''മോളേ, കേവലം എഴുത്തും വായനയും കൊണ്ട് ഒരാൾ സാക്ഷരത കൈവരിച്ചുവെന്ന് പറയാൻ കഴിയില്ല. അത് യഥാർത്ഥ അറിവിലേക്കുള്ള ഒരു വാതായനം തുറക്കൽ മാത്രമാണ്. ജീവിക്കുന്ന ചുറ്റുപാടുമായി ബന്ധപ്പെട്ടുള്ള എല്ലാ വിഷയങ്ങളിലും അടിസ്ഥാന അറിവ് നമ്മുക്ക് ഉണ്ടാകണം. അങ്ങനെയെങ്കിൽ ഒരാൾ സാക്ഷരത നേടിയെന്ന് പറയാം. പരിസ്ഥിതിയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും അങ്ങനെയെല്ലാമെല്ലാം. എത്ര പ്രായമായാലും ഇതൊക്കെ അറിഞ്ഞിരിക്കേണ്ടതല്ലേ '' - ശ്രീകലയുടെ മറുപടി തലങ്ങും വിലങ്ങും ചോദ്യം പായിച്ച എട്ടാം ക്ലാസുകാരി അനഘയ്ക്ക് തികച്ചും ബോധിച്ചു. സംശയത്തിന്റെ പിരിമുറുക്കം അപ്പാടെ മാറിയ മട്ട്.

ആദിവാസി സാക്ഷരതയുമായി ബന്ധപ്പെട്ടുള്ള ഹയർസെക്കൻഡറി ഒന്നാംവർഷ വിദ്യാർത്ഥി അഷ്ഫക്കിനുള്ള ഉത്തരവും പിന്നാലെ വന്നു. 'ഉൾവനത്തിലെ ആദിവാസി ഊരുകളിലെത്തി പഠിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ. ഓരോ ഊരിലും ആദിവാസികളിൽ നിന്നുതന്നെ അദ്ധ്യാപകരെ കണ്ടെത്തി നിയോഗിച്ചിട്ടുണ്ട്. അതുകൊണ്ടുള്ള പ്രയോജനവും അവർക്ക് ലഭിക്കുന്നുണ്ട്.'
സ്‌കൂളിലെ പ്രധാന അദ്ധ്യാപിക ഷമി പി.ബി, അദ്ധ്യാപകരായ ലേഖ എസ്. നായർ, മഞ്ജു സി. നായർ, ലിസി ജോർജ്, ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുട്ടികൾ ഡോ. പി.എസ്. ശ്രീകലയെ സന്ദർശിക്കാനെത്തിയത്.