തിരുവനന്തപുരം : പി.ഭാസ്‌കരന് പത്മശ്രീ ബഹുമതി നൽകുന്നതിനെ കമ്മ്യൂണിസ്റ്റ് സർക്കാർ പിന്തുണച്ചില്ലെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. സ്വാതി -പി.ഭാസ്‌കരൻ ഗാനസാഹിത്യ പുരസ്‌കാര വിതരണ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പി.കൃഷ്ണപിള്ള സെക്രട്ടറിയായിരുന്ന കാലത്ത് പതിനെട്ടാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു പി.ഭാസ്‌കരൻ. അന്ന് ഐക്യകേരളം സ്വപ്നം കണ്ട് 'പദം പദം ഉറച്ച് നാം' എന്ന ഗാനമെഴുതി. 21-ാം വയസിൽ 'വയലാർ ഗർജ്ജിക്കുന്നു' എന്ന കാവ്യമെഴുതി. പാർട്ടിയുടെ അസ്ഥിവാരം ഉറപ്പിക്കാൻ യൗവനം കളഞ്ഞ എഴുത്തുകാരനാണ് പി.ഭാസ്‌കരൻ. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പാട്ടെഴുതിയെങ്കിലും പിൽക്കാലത്ത് അവർ ഭാസ്‌കരനെ മറന്നു. അംഗീകാരം ലഭിക്കണമെങ്കിൽ എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെ നിൽക്കണം- ശ്രീകുമാരൻ തമ്പി പറഞ്ഞു.
കേസരി ഹാളിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം പിരപ്പൻകോട് മുരളിക്ക് വി.എം.സുധീരൻ നൽകി. 'വയലാർ ഗർജ്ജിക്കുന്നു' ഭരണകൂടത്തെ വിറപ്പിച്ച കവിതയായതിനാലാണ് ദിവാൻ
സർ സി.പി അത് നിരോധിച്ചതെന്ന് സുധീരൻ പറഞ്ഞു.ഡോ.അജയപുരം ജ്യോതിഷ്‌കുമാർ അദ്ധ്യക്ഷനായി, പ്രേംകുമാർ, ആർ.വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.