ആദ്യ ഡേ ആൻഡ് നൈറ്റ്
ടെസ്റ്റിൽ ഇന്നിംഗ്സ്
വിജയത്തിലാറാടി ഇന്ത്യ
കളിയുടെ സമയക്രമം മാറിയേക്കാം. പന്തും മാറിയേക്കാം. പക്ഷേ വിരാടിന്റെ ഇന്ത്യ പഴയ ഇന്ത്യ തന്നെയാണ്. എതിരാളികളെ എറിഞ്ഞുടച്ച് ഇന്നിംഗ്സ് വിജയങ്ങൾ തുടർക്കഥയാക്കി അവർ മുന്നോട്ടുതന്നെ പോകും.
കൊൽക്കത്ത : ചരിത്രത്തിലാദ്യമായി കളിച്ച ഡേ ആൻഡ് നൈറ്റ് ടെസ്റ്റിൽ സുവർണ ലിപിളിലെഴുതിയ വിജയരേഖയുമായി വിരാടിന്റെ ഇന്ത്യ. കൊൽക്കത്തയിലെ ഇൗഡൻ ഗാർഡൻസിൽ പിങ്ക് ബാൾ ടെസ്റ്റിന്റെ മൂന്നാംദിനം രാവിലെ തന്നെ ബംഗ്ളാദേശിനെ ഒരിന്നിംഗ്സിനും 46 റൺസിനും ചുരുട്ടിക്കൂട്ടിയ ഇന്ത്യ തുടർച്ചയായ നാല് ടെസ്റ്റ് മത്സരങ്ങളിൽ ഇന്നിംഗ്സ് വിജയം നേടുന്ന ആദ്യ ടീമെന്ന റെക്കാഡും കുറിച്ചു. ഇതോടെ ബംഗ്ളാദേശിനെതിരായ രണ്ട് മത്സര പരമ്പര തൂത്തുവാരിയ ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ഡസൻ തുടർവിജയ പരമ്പരകളുടെ റെക്കാഡിലും ഒപ്പുവച്ചു.
ആരാധകർ ആകാംക്ഷയോടെ കണ്ണുംനട്ടിരുന്ന പിങ്ക് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 106 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 195 റൺസിനും ആൾ ഒൗട്ടാവുകയായിരുന്നു ബംഗ്ളാദേശ്. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 347/9 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ സന്ദർശകർ രണ്ടാംദിനം കളി നിറുത്തുമ്പോൾ 152/6 എന്ന നിലയിലായിരുന്നു. ഇന്നലെ പത്തോവർ തികച്ചെറിയുംമുമ്പ് ബംഗ്ളാദേശിന് അവശേഷിച്ച നാല് വിക്കറ്റുകളും നഷ്ടമായതോടെ 10 മണിക്കൂർ 50 മിനിട്ട് കളി സമയം കൊണ്ട് ഇന്ത്യയുടെ ആദ്യ പിങ്ക് ബാൾ ടെസ്റ്റിന് കർട്ടൻ വീണു.
ആദ്യ ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റ് വീഴ്ത്തിയ പേസർ ഇശാന്ത് ശർമ്മ രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് വീഴത്തിയപ്പോൾ ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്ന ഉമേഷ് യാദവ് രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റുകൾക്ക് ഉടമയായി. മത്സരത്തിലെ എല്ലാ വിക്കറ്റുകളും പിഴുതെടുത്തത് പേസർമാരാണ്. 78 റൺസ് വഴങ്ങി ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയ ഇശാന്താണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ സിരീസും.
ഇന്നലെ 152/6 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിക്കാനിറങ്ങിയ ബംഗ്ളാദേശ് നേരിട്ടത് വെറും 52 പന്തുകൾ മാത്രമാണ്. രാവിലത്തെ തന്റെ ആദ്യ ഒാവറിൽ തന്നെ ഉമേഷ് യാദവ് ഇ ബാദത്ത് ഹുസൈനെ കൊഹ്ലിയുടെ കൈയിലെത്തിച്ചിരുന്നു. തുടർന്ന് ഇന്നിംഗ്സിലെ ടോപ് സ്കോററായി പൊരുതിനിന്ന മുഷ്ഫിഖുർ റഹിമിനെ (74) ഉമേഷ് ജഡേജയുടെ കൈയിലെത്തിച്ചു. അൽ അമീൻ ഹുസൈന്റെ (21) ചെറുത്തുനില്പും അവസാനിപ്പിച്ചാണ് ഉമേഷ് സന്ദർശക ഇന്നിംഗ്സിന് കർട്ടനിട്ടത്. 39 റൺസിൽ വച്ച് തലേന്ന് പരിക്കേറ്റ് മടങ്ങിയിരുന്ന മഹ്മുദുള്ള ഇന്നലെ ബാറ്റിംഗിന ഇറങ്ങിയിരുന്നില്ല.
പേസർമാരുടെ പറുദീസയായി മാറിയ ഇൗഡനിൽ ഇന്ത്യൻ ബാറ്റിംഗിന് കരുത്തായത് നായകൻ വിരാട് കൊഹ്ലിയുടെ സെഞ്ച്വറിയും (136), ചേതേശ്വർ പുജാര (55), അജിങ്ക്യ രഹാനെ (51) എന്നിവരുടെ അർദ്ധ സെഞ്ച്വറികളുമാണ്.
ഇന്ത്യൻ ടെസ്റ്റ് ടീമിന് ഇനി മൂന്നുമാസത്തെ ഇടവേളയാണ്. ഫെബ്രുവരിയിൽ ന്യൂസിലൻഡ് പര്യടനത്തിലാണ് അടുത്ത ടെസ്റ്റ്.
ഇൗ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്തി. 7 മത്സരങ്ങളിൽ ഏഴും ജയിച്ച ഇന്ത്യയ്ക്ക് 360 പോയിന്റാണുള്ളത്. രണ്ടാംസ്ഥാനത്തുള്ള ആസ്ട്രേലിയയ്ക്ക് ആറ് മത്സരങ്ങളിൽ നിന്ന് 116 പോയിന്റും.
സ്കോർ കാർഡ്
ബംഗ്ളാദേശ് .... ഇന്നിംഗ്സ് 106
ഷദ്മാൻ 29, ലിട്ടൺദാസ് 24
ഇശാന്ത് 5/22, ഉമേഷ് 3/29, ഷമി 2/36
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 347/9 ഡിക്ള.
കൊഹ്ലി 136, പുജാര 55, രഹാനെ 51
അൽ അമീൻ 3/85, ഇബാദത്ത് 3/91
ബംഗ്ളാദേശ് രണ്ടാം ഇന്നിംഗ്സ് 195
മുഷഫിഖിറുർ 74, മഹ്മൂദുള്ള 39
ഉമേഷ് 5/53, ഇശാന്ത് 4/56.