india-cricket-win
india cricket win

4

തുടർച്ചയായ നാല് ടെസ്റ്റുകളിൽ ഇന്നിംഗ്സ് വിജയം നേടുന്ന ആദ്യ ടീമാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളിലും ഇൗ പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലുമാണ് ഇന്നിംഗ്സ് വിജയങ്ങൾ നേടിയത്.

7

ഇന്ത്യയുടെ തുടർച്ചയായ ഏഴാം ടെസ്റ്റ വിജയമാണിത്. തുടർച്ചയായ വിജയങ്ങളിൽ റെക്കാഡ്. 2013 ലെ ആറ് തുടർ വിജയങ്ങളാണ് മറികടന്നത്.

19

വിക്കറ്റുകളാണ് ഇന്ത്യൻ പേസർമാർ ചേർന്ന് ഇരട്ട ടെസ്റ്റിൽ നേടിയത്. ഹോം ടെസ്റ്റിൽ പേസർമാർ ഇത്രയേറെ വിക്കറ്റുകൾ നേടുന്നത് ഇതാദ്യം. 2017 ൽ ശ്രീലങ്കയ്ക്കെതിരെ ഇൗഡൻ ഗാർഡൻസിൽ വച്ചായിരുന്നു ഇതിനുമുമ്പുള്ള വലിയ പേസ് വിക്കറ്റ് വേട്ട. 17 എണ്ണം.

0

സ്പിന്നർമാർക്ക് ഈ ടെസ്റ്റിൽ വിക്കറ്റുകൾ ഒന്നും ലഭിച്ചില്ല. ഹോം ടെസ്റ്റ് വിജയത്തിൽ സ്പിന്നർമാർക്ക് വിക്കറ്റൊന്നും ലഭിക്കാതിരിക്കുന്നത് ഇതാദ്യം.

ഇശാന്ത് -9 വിക്കറ്റ്

ഉമേഷ് -8 വിക്കറ്റ്

ഷമി -2 വിക്കറ്റ്

7

ഒാവറുകൾ മാത്രമാണ് സ്പിന്നർമാർക്ക് എറിയാൻ ലഭിച്ചത്. ഇന്നലെ അശ്വിനും ജഡേജയും എറിയേണ്ടിവന്നതേയില്ല.

1

ആദ്യമായാണ് രണ്ട് ഇന്ത്യൻ പേസർമാർ ഒരേ ടെസ്റ്റിൽ എട്ടോ അതിലേറെയോ വിക്കറ്റുകൾ നേടുന്നത്.

ആദ്യമായാണ് രണ്ട് വ്യത്യസ്ത ഇന്ത്യൻ പേസർമാർ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

95

വിക്കറ്റുകളാണ് ഇൗവർഷം ഇന്ത്യൻ പേസർമാർ ഇൗവർഷം ടെസ്റ്റിൽ നിന്ന് സ്വന്തമാക്കുന്നത്.

3

ഇന്ത്യൻ പേസർമാർ ഇൗവർഷം 20 ലേറെ വിക്കറ്റുകൾ സ്വന്തമാക്കി (ഷമി, ഉമേഷ്, ഇശാന്ത്)

13.48

ആണ് ഇൗ പരമ്പരയിലെ പേസർമാരുടെ ബൗളിംഗ് ശരാശരി. ഹോം ടെസ്റ്റിൽ ഏറ്റവും മികച്ചത്.

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ എ ടെസ്റ്റുകളിൽ തുടർ വിജയം നൽകുന്ന ക്യാപ്ടനെന്ന റെക്കാഡ് ധോണിയിൽനിന്ന് വിരാട് കൊഹ്‌ലി സ്വന്തമാക്കി.

12

ഇന്ത്യയുടെ 12-ാമത് തുടർച്ചയായ ഹോം സിരീസ് വിജയമാണ്. സ്വദേശത്തും വിദേശത്തുമായി തുടർച്ചയായ അഞ്ചാമത്തെ ടെസ്റ്റ് പരമ്പര വിജയം.

ടെസ്റ്റ് ക്രിക്കറ്റ് ഒരു മാനസിക യുദ്ധമാണ്. ഇന്ത്യൻ ടീം നെഞ്ചുവിരിച്ചുനിൽക്കാൻ തുടങ്ങിയത് സൗരവ് ഗാംഗുലി നായകനായ കാലം മുതലാണ്. ആത്മവിശ്വാസമാണ് ഇൗ വിജയങ്ങളുടെ പ്രധാന ഘടകം. നിശ്ചയദാർഡ്യത്തോടെ കഠിനാദ്ധ്വാനം ചെയ്തതിനാലാണ് ഇൗ വിജയങ്ങൾ കൊയ്തെടുക്കാൻ കഴിഞ്ഞത്.

വിരാട് കൊഹ്‌ലി

ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ഇൗ തോൽവിയിൽ വിഷമമില്ല. വലിയ പാഠങ്ങളാണ് ഇൗ രണ്ട് മത്സരങ്ങളിൽ നിന്ന് ലഭിച്ചത്.

മോമിനുൽ ഹഖ്

ബംഗ്ളാദേശ് ക്യാപ്ടൻ

അച്ചടക്കവും വിജയിക്കാനുള്ള ത്വരയുമാണ് ഇൗ ടീമിനെ നയിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് തങ്ങളെന്ന് ഇന്ത്യൻ ടീമിന് അറിയാം. ഒരുമയോടെയുള്ള ബൗളിംഗാണ് ഇൗ നേട്ടത്തിന് കാരണം

രവിശാസ്ത്രി

ഇന്ത്യൻ കോച്ച്

പിങ്ക് പന്തിന്റെ വിജയം

ആശങ്കകളും

മറ്റു പല രാജ്യങ്ങളും ഡേ ആൻഡ് നൈറ്റ് ടെസ്റ്റുകൾ കളിച്ചിട്ടും മാറിനിന്ന ഇന്ത്യ പിങ്ക് പന്തിൽ ടെസ്റ്റ് കളിക്കാൻ കാരണം ബി.സി.സി.ഐ പ്രസിഡന്റായി ഗാംഗുലി സ്ഥാനമേറ്റതാണ്. സ്വന്തം നാടായ കൊൽക്കത്തയിൽ തന്നെ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് സംഘടിപ്പിക്കാനും ഇൗഡൻ ഗാർഡൻസിലെ ഗാലറി നിറയ്ക്കാനും കഴിഞ്ഞത് ക്രിക്കറ്റ് സംഘാടകൻ എന്ന നിലയിലെ ഗാംഗുലിയുടെ മികവിനെയാണ് കാണിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ടാണ് ഗാംഗുലി ഡേ ആൻഡ് നൈറ്റ് ടെസ്റ്റിനായി ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌‌ലിയെയും ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിനെയും സമ്മതിപ്പിച്ചത്.

ഇൗ പരീക്ഷണം ഇവിടെ അവസാനിപ്പിക്കരുത് എന്നതാണ് മത്സരശേഷം ഗാംഗുലിയും ലക്ഷമണും മുഹമ്മദ് അസ്ഹറുദ്ദീനും അടക്കമുള്ളവർ പറഞ്ഞത്. ഇന്ത്യൻ ടീമിന്റെ അടുത്ത ആസ്ട്രേലിയൻ പര്യടനത്തിൽ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് ഉണ്ടാകുമെന്ന് ആസ്ട്രേലിയൻ താരങ്ങളും പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ടീം കഴിഞ്ഞ തവണ ആസ്ട്രേലിയൻ പര്യടനം നടത്തിയപ്പോൾ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് കളിക്കാൻ ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് താത്പര്യം പ്രകടിപ്പിച്ചെങ്കിലും ബി.സി.സി.ഐ വഴങ്ങിയിരുന്നില്ല.

അതേസമയം പിങ്ക് പന്ത് ചില ആശങ്കകളും ഉയർത്തുന്നുണ്ട്.

1. പിങ്ക് നിറത്തിലെ പന്ത് ബാറ്റ്സ‌്മാൻമാർക്ക് വ്യക്തമായി കാണുന്നതിന് കഴിയുന്നില്ലെന്ന പരാതിയുണ്ട്. ഇൗഡനിൽ പേസർമാരുടെ പന്തുകൊണ്ട് പരിക്കേറ്റത് മൂന്ന് ബംഗ്ളാ ബാറ്റ്സ്‌മാൻമാർക്കാണ്. ലിട്ടൺ ദാസിനും നയീം ഹസനും പകരക്കാരെ ഇറക്കേണ്ടിവന്നു. മഹ്‌മൂദുള്ളയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ പരിക്കേറ്റ് മടങ്ങേണ്ടിവന്നു. മുഹമ്മദ് മിഥുനും പന്ത് തലയിൽ കൊണ്ടു.

2. പേസ് ബൗളർമാർക്ക് പന്തും പിച്ചും അധിക പിന്തുണ നൽകുമ്പോൾ മികച്ച നിലവാരമുള്ള ബാറ്റ്സ്മാൻമാർക്ക് മാത്രമേ പിടിച്ചുനിൽക്കാനാകുന്നുള്ളൂ. വലിയ സ്കോറുകളിലേക്ക് കളി എത്താതിരിക്കാനും കാരണമാകുന്നു.

3. ഇൗഡനിൽ അഞ്ചുദിവസ ടെസ്റ്റ് മൂന്നാംദിനം രാവിലെ തീർന്നു. മത്സര ദിവസങ്ങൾ കുറയുന്നത് ടെസ്റ്റിന്റെ പരമ്പരാഗത കാഴ്ചപ്പാടിന് മാറ്റം വരുത്തുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.