ബ്രിസ്ബേൻ : പാകിസ്ഥാനെതിരായ ആദ്യടെസ്റ്റിൽ ആസ്ട്രേലിയയ്ക്ക് ഒരിന്നിംഗ്സിനും അഞ്ച് റൺസിനും വിജയം. ബ്രിസ്ബേനിൽ നാലാം ദിവസമായ ഇന്നലെ പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 335 റൺസിൽ അവസാനിച്ചതോടെയാണ് ആതിഥേയർ വിജയം ആഘോഷിച്ചത്.
ആദ്യ ഇന്നിംഗ്സിൽ പാകിസ്ഥാൻ 240 റൺസിന് ആൾ ഒൗട്ടായിരുന്നു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 580 റൺസെടുത്താണ് ആൾ ഒൗട്ടായത്. വാർണർ (154), ലബുഷാംഗെ (185) എന്നിവരുടെ സെഞ്ച്വറികളാണ് ഒാസീസിന് കൂറ്റൻ സ്കോർ നൽകിയത്. 340 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ പാകിസ്ഥാന് വേണ്ടി ബാബർ അസം (104), ഷാൻ മസൂദ് (42), മുഹമ്മദ് റിസ്‌വാൻ (92), യാസിർ ഷാ (42) എന്നിവർ പൊരുതി നോക്കിയെങ്കിലും ഇന്നിംഗ്സ് പരാജയം ഒഴിവാക്കാനായില്ല. ഇതോടെ രണ്ട് മത്സര പരമ്പരയിൽ ഒാസീസ് 1-0 ത്തിന് മുന്നിലെത്തി. ലബുഷാംഗെയാണ് മാൻ ഒഫ് ദ മാച്ച്.
കിവീസിന് ലീഡ്,
ഇംഗ്ളണ്ട് പതറുന്നു
മൗണ്ട് മൗംഗാനൂയി : ഇംഗ്ളണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന് 262 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ആദ്യ ഇന്നിംഗ്സിൽ 353 ന് ആൾ ഒൗട്ടായ ഇംഗ്ളണ്ടിനെതിരെ കിവീസ് 615/9 എന്ന സ്കോറിലാണ് നാലാംദിവസമായ ഇന്നലെ ഡിക്ളയർ ചെയ്തത്. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് കളിനിറുത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 53/3 എന്ന നിലയിലാണ്.
ബി.ജെ. വാറ്റ്‌ലിംഗിന്റെ (205) ഇരട്ട സെഞ്ച്വറിയും മിച്ചൽ സാന്റ്നറുടെ (126) സെഞ്ച്വറിയുമാണ് ഒന്നാം ഇന്നിംഗ്സിൽ കിവീസിന് കൂറ്റൻ സ്കോർ നൽകിയത്.
കിവീസിനായി ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് വാറ്റ്ലിംഗ്.
രണ്ടാം ഇന്നിംഗ്സിൽ റോയ് ബേൺസ് (31), സിബെലി (12), ലിച്ച് (0) എന്നിവരുെ വിക്കറ്റുകളാണ് ഇംഗ്ളണ്ടിന് നഷ്ടമായത്. ഇപ്പോൾ 207 റൺസ് പിന്നിലാണ് സന്ദർശകർ.