2-1
ഇംഗ്ളീഷ് പ്രിമിയർ ലീഗ്
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ചെൽസിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി കിരീടപ്പോരാട്ടം വാശിയേറിയതാക്കി.
മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 21-ാംമിനിട്ടിൽ എൻഗോളെ കാന്റേയിലൂടെ ആദ്യം സ്കോർ ചെയ്തത് ചെൽസിയാണ്. എന്നാൽ 29-ാം മിനിട്ടിൽ കെവിൻ ഡി ബ്രുയാനും 37-ാം മിനിട്ടിൽ റിയാദ് മഹ്റേസും നേടിയ ഗോളുകൾ ചെൽസിയുടെ തുടർ വിജയപരമ്പരയ്ക്ക് അറുതിവരുത്തി. അതേസമയം മത്സരത്തിൽ സൂപ്പർ സ്ട്രൈക്കർ സെർജി അഗ്യൂറോയ്ക്ക് പരിക്കേറ്റത് മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടിയായി.
ഇൗ വിജയത്തോടെ നിലവിലെ ചാമ്പ്യൻമാരായ സിറ്റിക്ക് 13 കളികളിൽ 28 പോയിന്റായി. പട്ടികയിൽ മൂന്നാംസ്ഥാനത്താണ് സിറ്റി. കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ക്രിസറ്റൽ പാലസിനെ 2-1ന കീഴടക്കിയ ലിവർപൂൾ 37 പോയിന്റുമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ക്രിസ്റ്റൽ പാലസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 49-ാം മിനിട്ടിൽ സാഡിയോ മാനേയാണ് ലിവർപൂളിന്റെ ആദ്യഗോൾ നേടിയത്. 82-ാം മിനിട്ടിൽ സാഹ കളി സമനിലയിലാക്കി. 83-ാം മിനിട്ടിൽ റോബർട്ടോ ഫിർമിനോയാണ് ലിവർപൂളിന്റെ വിജയഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ആഴ്സനൽ സതാംപ്ടണുമായി 2-2ന് സമനിലയിൽ പിരിഞ്ഞു. രണ്ടുതവണ പിന്നിൽ നിന്ന ശേഷമാണ് ആഴ്സനലിന്റെ സമനില. എട്ടാം മിനിട്ടിൽ ഇംഗ്സിലൂടെ സതാംപ്ടൺ മുന്നിലെത്തി. 18-ാം മിനിട്ടിൽ ലക്കാസറ്റെ സമനിലയിലാക്കി. 71-ാം മിനിട്ടിൽ വാർഡ് പ്രോസ് വീണ്ടും സതാം പ്ടണിനെ മുന്നിലെത്തിച്ചു. ലക്കാസറ്റെ തന്നെ ഇൻജുറി ടൈമിൽ അടുത്ത സമനില ഗോൾ നേടി.
സ്പാനിഷ് ലാലിഗ
മൂന്നടിച്ച് ജയിച്ച് റയൽ
3-1
മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ സോഡിഡാഡിനെ കീഴടക്കി. 37-ാം മിനിട്ടിൽ കരിം ബെൽസേമ, 47-ാം മിനിട്ടിൽ വാൽവെർദെ, 74-ാം മിനിട്ടിൽ ലൂക്കാ മൊഡ്രിച്ച് എന്നിവരാണ് റയലിനായി ഗോൾ നേടിയത്. രണ്ടാം മിനിട്ടിൽ തന്നെ വില്ലെയ്ൻ ജോസിലൂടെ സ്കോർ ചെയ്ത് സോസി ഡാഡ് റയലിനെ ഞെട്ടിച്ചിരുന്നു.
ഇൗ വിജയത്തോടെ റയൽ മാഡ്രിഡിന് 13 മത്സരങ്ങളിൽനിന്ന് 28 പോയിന്റായി. ഗോൾ ശരാശരി മികവിൽ ഒന്നാമതുള്ള ബാഴ്സലോണയ്ക്കും 28 പോയിന്റാണുള്ളത്.
ഇറ്റാലിയൻ സെരി എ
ഒന്നാമത് യുവന്റസ് തന്നെ
3-1
റോം : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അറ്റ്ലാന്റയെ തകർത്ത് യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടാതെ ഇറങ്ങിയ യുവന്റസിനെതിരെ 56-ാം മിനിട്ടിൽ അറ്റലാന്റ ആദ്യ ഗോൾ നേടി. 74-ാം മിനിട്ടിലും 82-ാം മിനിട്ടിലും സ്കോർ ചെയ്ത് നിഗ്വെയ്ൻ യുവന്റസിനെ മുന്നിലെത്തിച്ചു. ഇൻജുറി ടൈമിൽ പാബ്ളോ ഡൈബാലയാണ് യുവയുടെ മൂന്നാം ഗോൾ നേടിയത്.
13 മത്സരങ്ങളിൽ നിന്ന് 35 പോയിന്റാണ് യുവന്റസിനുള്ളത്. 34 പോയിന്റുള്ള ഇന്റർമിലാനാണ് രണ്ടാംസ്ഥാനത്ത്. ഇന്റർ കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ടോറിനോയെ കീഴടക്കി.