തിരുവനന്തപുരം: തലസ്ഥാനത്തെ ഷോപ്പിംഗ് മാളിലെ സ്ത്രീകളുടെ വസ്ത്രശാലയിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേട്ട ശ്രീലകത്തിൽ പി.വിക്രമരാജിന്റെയും രജനിയുടെയും മകൻ വിഷ്ണു ( 22 ) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.15ഓടെയാണ് വിഷ്ണുവിനെ ട്രയൽ റൂമിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവ സമയം വിഷ്ണുവും ഒപ്പം ജോലിചെയ്യുന്ന പെൺകുട്ടിയും മാത്രമാണുണ്ടായിരുന്നത്.
കടയിൽ വിഷ്‌ണുവും പെൺകുട്ടിയും മാത്രമാണ് ജീവനക്കാരായുള്ളത്. കടയുടമ എറണാകുളം സ്വദേശിയാണ്. ഇന്നലെ കടയിൽ തിരക്കില്ലാത്ത സമയത്ത് വിഷ്ണു ട്രയൽ റൂമിലേക്ക് കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനാൽ വാതിലിൽ മുട്ടിവിളിച്ചു. തുറക്കാതെ വന്നതോടെ ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ ഷാളിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണുകയായിരുന്നെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ നിലവിളി കേട്ട് ആൾക്കാർ ഓടിക്കൂടുകയായിരുന്നു. വിഷ്ണുവിന്റെ മൊബൈലും സ്ഥാപനത്തിലെ സി.സി. ടിവി കാമറയും ഇന്ന് പരിശോധിക്കുമെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പുണ്ടോ എന്നതും പരിശോധിക്കും. ബന്ധുക്കൾ എത്തി മൊഴി നൽകിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.