ncp

മുംബയ്: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എൻ.സി.പി എം.എൽ.എമാരെ കേരളത്തിലേക്ക് ക്ഷണിച്ച് എൻ.സി.പിയുടെ കേരള ഘടകം. കേരളത്തിലെ റിസോർട്ടുകളിൽ എം.എൽ.എമാർക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാം എന്നാണ് കേരള നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചത്. കേരളത്തിലെ മുതിർന്ന എൻ.സി.പി നേതാക്കൾ ഇതു സംബന്ധിച്ച് ശരത് പവാറുമായി ഫോണിലൂടെ ആശയവിനിമയം നടത്തയെന്നാണ് വിവരം.

എൻ.സി.പിക്ക് ഭരണത്തിൽ പങ്കാളിത്തമുള്ള സംസ്ഥാനം, ബി.ജെ.പിക്ക് ഒട്ടും സ്വാധീനമില്ലാത്ത സംസ്ഥാനം എന്നീ കാര്യങ്ങൾ സംസ്ഥാന നേതാക്കൾ ശരത് പവാറിന് മുന്നിൽ നിരത്തി. എന്നാൽ, എം.എൽ.എമാരെ കേരളത്തിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്നും മഹാരാഷ്ട്രയിൽ തന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ എം.എൽ.എമാരെ നോക്കി കൊള്ളാമെന്നുമാണ് ശരത് പവാർ നേതാക്കളോട് പറഞ്ഞത്. എം.എൽ.എമാരെ തടവിലാക്കി വയ്ക്കുകയല്ല തന്റെ ഉദ്ദേശ്യമെന്നും അവർക്കൊരു വിശ്രമവും ഉല്ലാസവുമാണ് താൻ ഉദ്ദേശിക്കുന്നതെന്നുമാണ് ശരത് പവാർ കേരള നേതാക്കളോട് ഫോണിൽ വിശദീകരിച്ചതത്രേ. എം.എൽ.എമാർ കേരളത്തിലേക്ക് എത്താൻ സാധ്യതയില്ലെന്ന് പറയുന്നുണ്ടെങ്കിലും ബി.ജെ.പി നീക്കം ശക്തമാക്കിയാൽ ആ സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേരള നേതാക്കൾ ഫ്ളാഷിനോട് വ്യക്തമാക്കി. രണ്ടാഴ്ചമുമ്പ് ശിവസേന എം.എൽ.എമാരെ ഇവിടെ ഒരു നേതാവിന്റെ റിസോർട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം ദേശീയ നേതൃത്വം നടത്തിയിരുന്നുവെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

പവറായി ശരത് പവാർ

അജിത് പവാറിനൊപ്പം പോയ രണ്ട് എം.എൽ.എമാരെ കൂടി എൻ.സി.പി ക്യാമ്പിലേക്ക് തിരികെയെത്തിച്ചു. ദൗലത് ദരോദ, അനിൽ പാട്ടീൽ എന്നീ എം.എൽ.എമാരെയാണ് ഇന്ന് മുംബയിൽ തിരികെയത്തിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇപ്പോൾ എൻ.സി.പി എം.എൽ.എമാരെ പാ‍ർപ്പിച്ചിരിക്കുന്ന ഹയാത്ത് ഹോട്ടലിലാണ് ഇരുവരും. എൻ.സി.പി വിദ്യാർ‍ത്ഥി സംഘടനയുടെ പ്രസിഡന്റ് സോണിയ ദൂഹനും, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ധീരജ് ശർമ്മയും ചേർന്നാണ് രണ്ട് എം.എൽ.എമാരെ ഡൽഹിയിൽ നിന്ന് തിരികെയെത്തിച്ചത്. ഇതോടെ 54ൽ 52 എം.എൽ.മാരും ശരത് പവാർ പാളയത്തിൽ മടങ്ങിയെത്തി. ഇനി ഒരു എം.എൽ.എ മാത്രമാണ് അജിത് പവാറിനൊപ്പം അവശേഷിക്കുന്നത്. ഇന്ന് വൈകുന്നേരത്തിന് മുന്നേ അദ്ദേഹം മടങ്ങിയെത്തുമെന്നാണ് എൻ.സി.പി ക്യമ്പിന്റെ പ്രതീക്ഷ. അതിനിടെ അജിത് പവാറിനെ തിരികെയെത്തിക്കാനുള്ള ശ്രമവും ബി.ജെ.പി നടത്തുന്നുണ്ട്. എന്നാൽ എൻ.സി.പി നീക്കത്തോട് അജിത് പവാർ ഇതുവരെ വഴങ്ങിയിട്ടില്ല.

ചാക്കിട്ട് പിടുത്തം സജീവം

എം.എൽ.എമാരെ അങ്ങോട്ടുമിങ്ങോട്ടും ചാക്കിട്ട് പിടിക്കാൻ പതിനെട്ട് അടവും പയറ്റുകയാണ് രാഷ്ട്രീയ പാർട്ടികൾ. എം.എൽ.എമാരെ സ്വാധീനിക്കാൻ കൂറുമാറിവന്ന പഴയനേതാക്കളെയാണ് ബി.ജെ.പി ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ ചേർന്ന രാധാകൃഷ്ണ വിഖെ പാട്ടീൽ, ശിവസേന മുഖ്യമന്ത്രിയായിരുന്ന നിലവിലെ ബി.ജെ.പി നേതാവ് നാരായൺ റാണെ, എൻ.സി.പി വിട്ട് ബി.ജെ.പിയിലെത്തിയ ഗണേശ് നായിക് എന്നിവരെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. എം.എൽ.എമാരെ താമസിപ്പിച്ച ഹോട്ടലുകളിൽ ബി.ജെ.പി നേതാക്കൾ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്തതോടെ എൻ.സി.പിയും സേനയും എംഎൽഎമാരെ പുതിയ ഹോട്ടലുകളിലേക്ക് മാറ്റി.

അതേസമയം തങ്ങളുടെ എം.എൽ.എമാരെ സുരക്ഷിതമായി ചിറകിനടിയിൽ ഒളിപ്പിക്കാനുള്ള നീക്കമാണ് കോൺഗ്രസ്-എൻ.സി.പി-ശിവസേന നേതാക്കളുടെ ഭാഗത്ത് നിന്നുള്ളത്.

മൂന്ന് പാർട്ടികളിലെയും എം.എൽ.എമാർ വിവിധ ഹോട്ടലുകളിലായി താമസിക്കുകയാണ്. റിസോർട്ട് രാഷ്ട്രീയത്തിൽ പരിചയസമ്പത്തുള്ള കർണാടക നേതാവ് ഡി.കെ ശിവകുമാറിനെയാണ് അവസാന നിമിഷം കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ശിവകുമാർ മുംബയിലെത്തി. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേൽ, മുതിർന്ന നേതാവ് മല്ലികാർജ്ജുൺ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ എന്നിവരാണ് എം.എൽ.എമാർക്കൊപ്പം റിസോർട്ടിലുള്ളത്. മുതിർന്ന നേതാക്കളുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് എം.എൽ.എമാർ. മുംബയ് നഗരത്തിലെ മാരിയറ്റ് ഹോട്ടലിലാണ് കോൺഗ്രസ് എം.എൽ.എമാരെ പാർപ്പിച്ചിരിക്കുന്നത്.

രാത്രി വെകിയും കൂടിക്കാഴ്ച

സംസ്ഥാനത്തെ രാഷ്ട്രീയ നാടകങ്ങൾക്കിടെ രാത്രിവൈകി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാറും കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിൽനടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഇരു നേതാക്കളും വ്യക്തമാക്കിയില്ല. എന്നാൽ, സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങളാണ് ഇരുവരും ചർച്ചചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുതിർന്ന ബി.ജെ.പി.നേതാക്കളായ ചന്ദ്രകാന്ത് പാട്ടീൽ, വിനോദ് തവാഡെ, ഗിരീഷ് മഹാജൻ എന്നിവരും മുഖ്യമന്ത്രിയുടെ വസതിയിൽനടന്ന ചർച്ചയിൽ പങ്കെടുത്തു. സുപ്രീം കോടതിയിലെ ഹർജിയുമായി ബന്ധപ്പെട്ടാണ് ഇരുവരും ചർച്ച നടത്തിയത് എന്നാണ് വിവരം.

സോണിയ- കെ.സി വേണുഗോപാൽ കൂടിക്കാഴ്ച

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. അതീവ ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന് വേണുഗോപാലിന് സോണിയ നിർദ്ദേശം നൽകി. കോൺഗ്രസ്-എൻ.സി.പി-സേന എം.എൽ.എമാരുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും അവരുടെ മേൽ കർശന നിരീക്ഷണം ഉണ്ടായിരിക്കണമെന്നും സോണിയ കെ.സി വേണുഗോപാലിനോട് ആവശ്യപ്പെട്ടു.