kanakamala

കണ്ണൂർ: കനകമലയിൽ ഭീകര ക്യാമ്പുമായി ബന്ധപ്പെട്ട കേസിൽ ആറ് പേർ കുറ്റക്കാരെന്ന് സി.ബി.ഐ. കോടതി. ശിക്ഷിക്കപ്പെട്ട ആറ് പേർക്കെതിരെയും യു.എ.പി.എയും ചുമത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ ഐസിസ് ബന്ധം തെളിയിക്കാനായിട്ടില്ല. കേസിൽ ഒരാളെ വെറുതെ വിട്ടിട്ടുണ്ട്. കേസിലെ ആറാം പ്രതിയായ ജാസിമിനെയാണ് വെറുതെ വിട്ടത്. പ്രത്യേക എൻ.ഐ.എ കോടതിയാണ് വിധി പറഞ്ഞത്. കേരള, തമിഴ്‌നാട് സ്വദേശികളായ ഏഴു പേരാണ് കേസിലെ പ്രതികളായിരുന്നത്.

2016 ഒക്ടോബറിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കായി കനകമലയിൽ ഐ.എസ് അനുകൂല രഹസ്യയോഗം ചേർന്നെന്നാണ് കേസ്. കോഴിക്കോട് സ്വദേശി മൻസീദ് മുഹമ്മദ്, ചേലക്കര സ്വദേശി ടി. സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി അബു ബഷീർ, കുറ്റിയാടി സ്വദേശി റംഷാദ് നങ്കീലൻ, തിരൂർ വൈലത്തൂർ എൻ.കെ സഫ്‌വാൻ, കുറ്റിയാടി സ്വദേശി എൻ.കെ. ജാസിം, കാസർകോട് കാഞ്ഞങ്ങാട് സ്വദേശി പി.കെ. മുഈനുദ്ദീൻ എന്നിവരാണ് കേസിലെ പ്രതികൾ. 70 പേരെയാണ് സാക്ഷികളായി കേസിൽ വിസ്തരിച്ചത്. ആദ്യ കുറ്റപത്രത്തിൽ ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ സജീർ എന്നയാൾ അഫ്ഗാനിൽ വച്ച് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.