തിരുവനന്തപുരം:ഷോപ്പിംഗ് മാളിലെ വസ്ത്രശാലയിൽ ജീവനക്കാരൻ തൂങ്ങി മരിച്ച സംഭവത്തിന് കാരണം പ്രണയ നൈരാശ്യമെന്ന് സംശയിക്കുന്നതായി പൊലീസ്. പേട്ട ശ്രീലകത്തിൽ പി. വിക്രമരാജിന്റെയും രജനിയുടെയും മകൻ വിഷ്ണുവാണ് (22) ഇന്നലെ രാത്രി 9.15 ഓടെ നഗരത്തിലെ ഒരു മാളിൽ ജീവനൊടുക്കിയത്. ഒരു പെൺകുട്ടിയുമായി വിഷ്ണു പ്രണയത്തിലായിരുന്നുവെന്നും ഇവർ തമ്മിലുണ്ടായ പിണക്കമാണ് കടയിലെ ട്രയൽ റൂമിനുള്ളിൽ ജീവനൊടുക്കാൻ വിഷ്ണുവിനെ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണത്തിനായി വിഷ്ണുവിന്റെ മൊബൈൽഫോണും മാളിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. എറണാകുളം സ്വദേശിയാണ് കടയുടമ.
ജോലിക്കിടെ പെട്ടെന്ന് ട്രയൽ റൂമിലേക്ക് പോയ വിഷ്ണുവിനെ ഏറെനേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി വിതിലിൽ തട്ടിവിളിച്ചു. തുറക്കാതെ വന്നപ്പോൾ ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് ഷാളിൽ കെട്ടി തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വഞ്ചിയൂർ പൊലീസ് മേൽനടപടികൾ കൈക്കൊണ്ടശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.