കൊല്ലം: നഗര ഹൃദയത്തിൽ പ്രതിശ്രുത വധുവിനും സഹോദരനും നേരെ മദ്യലഹരിയിൽ ആക്രമണത്തിന് മുതിർന്ന മൂന്ന് യുവാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. ഇന്നലെ വൈകിട്ട് 5. 10 ന് താലൂക്ക് കച്ചേരി ജംഗ്‌ഷനിലെ ട്രാഫിക് സിഗ്നലിലായിരുന്നു നാടകീയ രംഗങ്ങൾ.
ഡിസംബർ 12 ന് വിവാഹം ഉറപ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി സ്വദേശിനിയായ പെൺകുട്ടിയും സഹോദരനും ഷോപ്പിംഗിനായി സമീപത്തെ മാളിലേക്ക് പോകാൻ ഊഴം കാത്ത് ട്രാഫിക് സിഗ്നലിൽ കാത്ത് കിടക്കുകയായിരുന്നു. ഈ സമയം തൊട്ടു പിന്നാലെ ഇന്നോവ ക്രിസ്‌റ്റ വാഹനത്തിലെത്തിയ മൂന്ന് പേർ നിറുത്താതെ ഹോൺ മുഴക്കി അലോസരമുണ്ടാക്കി. മുമ്പെ കിടന്ന കാർ സിഗ്നൽ ലഭിക്കുന്നതിന് മുമ്പ് എടുക്കാനായിരുന്നു ഇത്. ഈ സമയം ഇന്നോവയിൽ നിന്നിറങ്ങിയ മൂവർ സംഘം ഡ്രൈവിംഗ് സീറ്റിൽ നിന്ന് യുവാവിനെ ഡോർ തുറന്ന് പിടിച്ചു പുറത്തിറക്കി കൈയേറ്റം ചെയ്‌തു. ഇതിനെ ചോദ്യം ചെയ്‌തു പുറത്തിറങ്ങിയ പ്രതിശ്രുത വധുവിന്റെ കൈയിൽ കടന്നു പിടിച്ചു ഉച്ചത്തിൽ തെറി വിളിച്ചു.
ഈ സമയം ട്രാഫിക് മൊബൈൽ സംഘവും കൺട്രോൾ റൂം പാർട്ടിയും സ്ഥലത്ത് എത്തിയെങ്കിലും മദ്യ ലഹരിയിലായിരുന്ന മൂന്ന് പേരും നടുറോഡിൽ പെൺകുട്ടിയെയും സഹോദരനെയും തടഞ്ഞു സീൻ തുടർന്നു. ഒടുവിൽ പൊലീസ് ബലപ്രയോഗത്തിലൂടെ അക്രമികളെ കീഴടക്കി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.കൊല്ലം കരിക്കോട് പേരൂർ സ്വദേശികളായ സുജിത്ത്, ശ്യാം , അഖിൽ എന്നിവരാണ് പിടിയിലായത്. പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഇവർ രാത്രി വരെയും ബഹളം തുടർന്നത്രെ. തങ്ങളെ അറസ്‌റ്റ് ചെയ്‌താൽ ബാങ്ക് മുഖേന പൊലീസുകാർക്ക് ലഭിക്കുന്ന ശമ്പളം മുടങ്ങുമെന്ന് വരെ സുജിത്ത് ഭീഷണി മുഴക്കി.