കല്ലമ്പലം: കാൽനട യാത്രപോലും ദുഷ്കരമായ പുത്തൻകോട് റോഡ് നാട്ടുകാരുടെ ശ്രമഫലമായി കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി. മണമ്പൂർ പഞ്ചായത്ത് പരിധിയിൽ കടുവാപ്പള്ളിക്കു സമീപത്തുകൂടെ പുത്തൻകോട് പോകുവാനുള്ള റോഡിന്റെ നൂറു മീറ്ററോളം ഭാഗമാണ് കോൺക്രീറ്റ് ചെയ്തത്. വർഷങ്ങളായി റോഡിന്റെ ശോചനീയാവസ്ഥ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്നാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ നൂറോളം മീറ്റർ കോൺക്രീറ്റും, സൈഡ് സുരക്ഷാ വേലിയും നിർമിച്ചത്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സത്യശീലൻ റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. വാർഡ് മെമ്പർ രഞ്ജിനി, ഖാലിദ് പനവിള, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാവിള വിജയൻ, ശ്രീകുമാർ, ഷാജഹാൻ പുന്നവിള, സോമശേഖരൻനായർ, ഷാജി കണ്ണങ്കര, വാഹിദ് മരുതംകോണം എന്നിവർ പങ്കെടുത്തു.