ഐ എ.എസുകാരെയോ ഐ.പി.എസുകാരെയോ തലപ്പത്തു പ്രതിഷ്ഠിച്ചാൽ എല്ലാം ശരിയായി നടന്നുകൊള്ളുമെന്ന മൂഢവിശ്വാസം മനസിൽ കൊണ്ടുനടക്കുന്നവർ എല്ലാ മേഖലകളിലുമുണ്ട്. നിയമിക്കപ്പെടുന്നവർ മിടുക്കരാണെങ്കിൽ കാര്യങ്ങൾ ഭംഗിയായി നടന്നെന്നിരിക്കും. മറിച്ചാണെങ്കിൽ സർവത്ര കുഴപ്പത്തിലേക്കു നീങ്ങുകയും ചെയ്യും.
ജനങ്ങൾക്ക് കുടിവെള്ളം നൽകാൻ ചുമതലയുള്ള വാട്ടർ അതോറിട്ടിയിൽ എം.ഡി നിയമനത്തെച്ചൊല്ലി അവിടത്തെ എൻജിനിയർമാരും ഐ.എ.എസ് ലോബിയും തമ്മിൽ പുതിയൊരു തർക്കം ഉടലെടുത്തിരിക്കുന്നു എന്നാണു കേൾക്കുന്നത്. പത്തുവർഷത്തോളമായി ഐ.എ.എസുകാർക്കാണ് വാട്ടർ അതോറിട്ടിയിൽ ഭരണച്ചുമതല. സാങ്കേതികജ്ഞാനം കൂടി ആവശ്യമായതിനാൽ തലപ്പത്ത് എൻജിനിയർമാർ തന്നെ വരണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ജനങ്ങളിൽ നിന്ന് എന്നും പരാതികൾ ഉയരുന്നതല്ലാതെ ഐ.എ.എസുകാരൻ തലപ്പത്തിരിക്കുന്നതു കൊണ്ട് യാതൊരു ഗുണവും ഉണ്ടാകുന്നില്ലെന്ന വാദമാണ് എൻജിനിയർമാരുടെ ലോബി ഉയർത്തുന്നത്. തർക്കവും ലോബീയിംഗും ഇങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോൾ അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്നങ്ങൾ അതേപടി കിടക്കുകയാണ്.
വാട്ടർ അതോറിട്ടിയിൽ പൈപ്പ് പൊട്ടലും ജലവിതരണം നിലയ്ക്കലും ഇപ്പോൾ വലിയ വാർത്ത അല്ലാതായിട്ടുണ്ട്. കാരണം പൈപ്പ് പൊട്ടി വെള്ളം നിലയ്ക്കാത്ത ഒരു ദിവസം പോലും ഇല്ലെന്നതു തന്നെ. ആലപ്പുഴയിൽ ഒരു കിലോമീറ്റർ ദൂരത്തിൽ അനവധി തവണ പൈപ്പ് പൊട്ടി എട്ടു ദിവസം തുടർച്ചയായി ജലവിതരണം മുടങ്ങിയത് ഈയിടെ വലിയ വാർത്തയായിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ഉണ്ടായ ജലവിതരണ സ്തംഭനം വാട്ടർ അതോറിട്ടി എം.ഡിയുടെ കസേര തെറിപ്പിച്ചുകൊണ്ടാണ് പരിസമാപ്തിയിലെത്തിയത്. എം.ഡി സ്ഥാനത്തിരുന്ന ഐ.എ.എസ് ഓഫീസറെ റവന്യൂവകുപ്പിലേക്ക് ജോയിന്റ് കമ്മിഷണറായി മാറ്റുകയായിരുന്നു. മറ്റൊരു മുതിർന്ന ഐ.എ.എസുകാരന് അധികച്ചുമതല നൽകിയതല്ലാതെ സ്ഥിരം എം.ഡിയെ ഇതുവരെ നിയമിച്ചിട്ടില്ല. അതോറിട്ടിയുടെ തലപ്പത്ത് ഐ.എ.എസുകാർക്ക് പകരം എൻജിനിയർമാർ തന്നെ വരണമെന്ന ആവശ്യം ഉയർന്നത് ഇതിനിടയിലാണ്. ഭരണപരമായ മികവ് പരിഗണിച്ചാണ് ഇതുപോലുള്ള സ്ഥാപനങ്ങളുടെ ഭരണം ഐ.എ.എസുകാരെ ഏല്പിക്കാറുള്ളത്. എന്നാൽ എല്ലായ്പ്പോഴും കാര്യങ്ങൾ നന്നായി നടക്കണമെന്നില്ല. വിജയിച്ചതിനെക്കാൾ പരാജയപ്പെട്ട സന്ദർഭങ്ങളാണ് അധികവുമെന്ന് ചുറ്റുമൊന്നു കണ്ണോടിച്ചാൽ മനസിലാകും.
വാട്ടർ അതോറിട്ടി ഐ.എ.എസ് മേധാവിയുടെ കീഴിൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കാലമുണ്ടായിരുന്നു. സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും തടസമില്ലാതെ ജലവിതരണം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികൾ പ്രായോഗികബുദ്ധിയോടെ പൂർത്തിയാക്കാൻ കഠിനാദ്ധ്വാനം ചെയ്തവരുണ്ട്. സർക്കാർ മുറയിൽ മാത്രം കാര്യങ്ങൾ നീക്കി ജനശാപം ഏറ്റുവാങ്ങുന്നവരും ഉണ്ട്. വാട്ടർ അതോറിട്ടിയുടെ ഇപ്പോഴത്തെ കഥയെടുത്താൽ വെള്ളമില്ലെന്ന മുറവിളിയേ എങ്ങും കേൾക്കാനുള്ളൂ. ജലവിതരണം ഏറ്റവും സുഗമമായി നടന്നുകൊണ്ടിരുന്ന തലസ്ഥാനത്തുപോലും ഇന്നു സ്ഥിതി മാറിയിരിക്കുന്നു. ജലശുദ്ധീകരണ പ്ളാന്റുകളിൽ സമൃദ്ധമായി വെള്ളമുണ്ടെങ്കിലും വിതരണ ലൈനുകളിലെ തടസങ്ങൾ കാരണം പല ഭാഗങ്ങളിലും വേണ്ടത്ര വെള്ളം കിട്ടുന്നില്ല. എന്താണ് ഈ അവസ്ഥയ്ക്ക് കാരണമെന്നു കണ്ടെത്താൻ അധികൃതർക്കാവുന്നില്ല. അതോറിട്ടി വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
ഐ.എ.എസോ ഐ.പി.എസോ എന്നതല്ല മേധാവിയായിരിക്കുന്നയാളിന്റെ പ്രാഗത്ഭ്യത്തെയും കാര്യക്ഷമതയെയും അർപ്പണബോധത്തെയും ആശ്രയിച്ചാകും അതിന്റെ മെച്ചപ്പെട്ട പ്രവർത്തനം. വാട്ടർ അതോറിട്ടി പോലെ ജനജീവിതവുമായി അടുത്തു ബന്ധമുള്ള ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് സാങ്കേതിക പരിജ്ഞാനം കൂടിയുള്ള ആൾ വരുന്നത് പലതുകൊണ്ടും മെച്ചപ്പെട്ട ഫലം നൽകുമെന്നത് തീർച്ചയാണ്. പരിചയസമ്പത്തുള്ള മിടുക്കരായ എൻജിനിയർമാരെ അതോറിട്ടി തലപ്പത്ത് നിയമിക്കുന്നതു മോശം കാര്യമൊന്നുമല്ല. സ്ഥാപനത്തിന്റെ പ്രവർത്തനം കൂടുതൽ നല്ല നിലയിലാകുമെന്നു തോന്നിയാൽ ഇതിന് മടിക്കേണ്ടതുമില്ല. ഐ.എ.എസുകാർ ഇരുന്നാലേ പൈപ്പിൽക്കൂടി വെള്ളം ഒഴുകൂ എന്നത് മിഥ്യാധാരണയാണ്. രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആർ.ഒയുടെ ഒരു യൂണിറ്റിലും ഐ.എ.എസുകാരല്ല ഭരണം നിയന്ത്രിക്കുന്നത്. ഉന്നത ശാസ്ത്രജ്ഞന്മാർ മാത്രമേ അവിടെ മേധാവികളായി നിയമിക്കപ്പെടുന്നുള്ളൂ. രാജ്യത്തെ ശാസ്ത്ര - സാങ്കേതിക സ്ഥാപനങ്ങളിലെല്ലാം അതാതു മേഖലയിലുള്ളവർ തന്നെയാണ് മേധാവികളുടെ ചുമതല വഹിക്കാറുള്ളത്. വാട്ടർ അതോറിട്ടിയുടെ കാര്യത്തിൽ ജലവിതരണം മാത്രമല്ല ചുമതല. മലിനജല സംസ്കരണവും സ്വിവറേജുമൊക്കെ അതിന്റെ ചുമതലയാണ്. ഇവയിലൊക്കെ സാങ്കേതിക ജ്ഞാനമാർജ്ജിച്ചവർ തലപ്പത്തു വരുന്നത് വളരെ പ്രയോജനം ചെയ്യും.