thied

ന്യൂയോർക്ക്: മോഷണത്തിന് കയറും മുമ്പ് വീടിനെക്കുറിച്ച് മാത്രമല്ല വീട്ടിലുള്ളവരെക്കുറിച്ചുകൂടി നന്നായി മനസിലാക്കാണം. അല്ലെങ്കിൽ ന്യൂയോർക്കിലെ യുവാവായ മോഷ്ടാവിന് പറ്റിയതുപോലാകും. വീട്ടിലുള്ള എൺപത്തിരണ്ടുകാരിയായ അമ്മൂമ്മ ബോഡിബിൽഡറാണെന്ന് മനസിലാക്കാതെ അതിക്രമിച്ചുകയറിയ യുവാവ് ഇടികിട്ടി റൊട്ടിയായി.മാത്രമല്ല ജയിലിലുമായി.

വില്ലി മൽഫി എന്ന ന്യൂയോർക്ക് സ്വദേശിനിയുടെ വീട്ടിലേക്കാണ് രാത്രി 11 മണിയോടെ യുവാവ് എത്തിയത്.സ്ഥിരം വർക്കൗട്ടുകൾക്കു ശേഷം ഭക്ഷണം കഴിച്ച് ഉറങ്ങാൻ തുടങ്ങുകയായിരുന്നു വില്ലി. വാതിലിൽ തട്ടിവിളിച്ചശേഷം സുഖമില്ല ആംബുലൻസ് വിളിച്ച് സഹായിക്കാമോയെന്നായിരുന്നു യുവാവ് ചോദിച്ചത്. ഇത് വിശ്വസിച്ച വില്ളി ഫോണെടുക്കാനായി അകത്തേക്ക് പോയപ്പോഴായിരുന്നു യുവാവ് മോഷണശ്രമം നടത്തിയത്. വാതിൽ പൊളിച്ച് അകത്തേക്ക് കയറി.

ഇത് വില്ലി കണ്ടു. മോഷണമാണ് ലക്ഷ്യമെന്ന് അവർക്ക് അപ്പോഴേ പിടികിട്ടി. യുവാവിനെ ഒരു പാഠംപടിപ്പിക്കാൻ തന്നെ അവർ തീർച്ചപ്പെടുത്തി. തൊട്ടടുത്തുണ്ടായിരുന്ന ഒടിഞ്ഞ മേശയെടുത്ത് വീശി ഒറ്റയടി. അടികിട്ടിയതോടെ യുവാവ് വീണുപോയി. ഒട്ടും സമയംകളയാതെ ഇയാളുടെ മേൽ കയറിയിരുന്ന വില്ളി ഇടി തുടങ്ങി. അല്പംകഴിഞ്ഞ് യുവാവിന്റെ മുഖത്തേക്ക് ഷാംപൂ ഒഴിച്ചു. അയാളുടെ കണ്ണുകൾ നീറിപ്പുകഞ്ഞു.പിന്നീടായിരുന്നു ചൂലുകൊണ്ടുള്ള പ്രയോഗം. ശരീരമാസകലം അടികിട്ടിയതോടെ യുവാവ് അവശനായി നിലത്തുവീണു. ഉടൻതന്നെ പൊലീസിനെ വിവരമറിയിച്ചു. പാഞ്ഞെത്തിയ പൊലീസ് യുവാവിനെ ആശുപത്രിയിലാക്കി.

പുറമേ പരിക്കില്ലെങ്കിലും യുവാവിന് ഇടി കാര്യമായി കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൻ ഇയാളെ അറസ്റ്റുചെയ്യും. വില്ലിയെക്കുറിച്ച് കൂടുതൽ അറിയാതെ മോഷണത്തിന് കയറിയതാണ് യുവാവിന് വിനയായതെന്നാണ് പൊലീസ് പറയുന്നത്. ആയകാലത്ത് അടിപൊളി ബോഡിബിൽഡറായിരുന്നു കക്ഷി. പ്രായം ഇത്രയായെങ്കിലും ബോഡിബിൽഡിംഗിൽ നിന്ന് പിൻവാങ്ങാൻ കക്ഷി ഒരുക്കമല്ല. പതിയാവി പരീശീലനം നടത്തുന്നതിനൊപ്പം മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്.