sndp

ആര്യനാട്: എസ്.എൻ.ഡി.പി യോഗത്തിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളെ

അപവാദ പ്രചാരണത്തിലൂടെ തകർക്കാനാണ് സംസ്ഥാനത്ത് ചില കേന്ദ്രങ്ങൾ ശ്രമം നടത്തുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയനിൽ ഗുരുദേവക്ഷേത്ര പ്രാർത്ഥനാമന്ദിര നിർമ്മാണത്തിന്റെയും എട്ടാംഘട്ട മൈക്രോഫിനാൻസ് വായ്പാവിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു തുഷാർ. സത്യസന്ധമായി പ്രവർത്തിക്കുന്ന യോഗത്തിന് കീഴിലെ യൂണിയൻ, ശാഖാ നേതാക്കളെ കരിവാരിത്തേക്കാനാണ് ശ്രമം. മൈക്രോഫിനാൻസ് യൂണിറ്റുകളിൽ ഗ്രേഡിംഗ് നടത്തി ദേശസാത്കൃത ബാങ്കുകൾ അംഗങ്ങൾക്ക് നേരിട്ടാണ് വായ്പകൾ നൽകുന്നത്. ഇതിൽ ഇടനിലക്കാരില്ല. മൈക്രോ യൂണിറ്റിലൂടെയുണ്ടായ സ്ത്രീ മുന്നേറ്റവും ശക്തമായ യോഗ പ്രവർത്തനവും കാരണം സമുദായം ഒറ്റക്കെട്ടായി നിന്നാലുണ്ടാകുന്ന അപകടം മനസിലാക്കിയാണ് ഐക്യം കെടുത്താൻ ചിലർ ശ്രമിക്കുന്നത്- തുഷാർ പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ.ബാഹുലേയൻ, ഗുരുവായൂർ ദേവസ്വം ബോർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്, യോഗം ഡയറക്ടർ കോട്ടയ്ക്കകം പ്രവീൺകുമാർ, ധനലക്ഷ്മി ബാങ്ക് സീനിയർ മാനേജർ രാജേഷ് അലക്സ്, യൂണിയൻ കൗൺസിലർമാരായ ബി.മുകുന്ദൻ, ജി.വിദ്യാധരൻ, ദ്വിജേന്ദ്രലാൽബാബു, കൊറ്റംപള്ളി ഷിബു, ശാന്തിനി, കൊക്കോട്ടേല ബിജു, പി.ജി. സുനിൽ, ജി. ശിശുപാലൻ, വനിതാസംഘം പ്രസിഡന്റ് എൻ. സ്വയംപ്രഭ,വൈസ് പ്രസിഡന്റ് ശ്രീലത, സെക്രട്ടറി വസന്തകുമാരി, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പറണ്ടോട് രാജേഷ്, സെക്രട്ടറി അരുൺ സി.ബാബു, സൈബർ സേന കൺവീനർ പ്രിജി തുടങ്ങിയവർ സംസാരിച്ചു. ഗുരുദേവ ക്ഷേത്ര പ്രാർത്ഥനാ മന്ദിര നിർമ്മാണത്തിന് 15 ലക്ഷം രൂപയുടെ ചെക്ക് ഉഴമലയ്ക്കൽ ശാഖ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴിയും സെക്രട്ടറി സി.വിദ്യാധരനും ചേർന്ന് തുഷാറിന് കൈമാറി. ജ്യോതിഷ താന്ത്രിക വിദ്യയിൽ ഡോക്ടറേറ്റ് നേടിയ എൻ. സ്വയംപ്രഭയെ ആദരിച്ചു.