1

പൂവാർ: തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം, പൂവാർ വില്ലേജുകളിൽ സമഗ്ര ഗ്രാമീണ ശുദ്ധജല പദ്ധതി നടപ്പാക്കുന്നതിനാണ് കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്രവർത്തനം ആരംഭിച്ചത്. 15.92 കോടി മുടക്കി ആധുനിക സൗകര്യങ്ങളോടെ പ്ലാന്റ് സ്ഥാപിച്ച് കഴിഞ്ഞ മാർച്ചിൽ കുടിവെള്ളം സംഭരിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ആശ്വസിച്ചു. കാരണം മഴക്കാ ലത്ത് പോലും കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലായിരുന്നു ഇവർ. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തിരുപുറം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള ശുദ്ധജലം തീരദേശവാസികൾക്ക് കിട്ടാക്കനിയാണ്.

കുമിളിൽ നിന്നും നെയ്യാറിൽ നിന്നും ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ചാണ് വിതരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരീക്ഷണവും വിജയം കണ്ടു. എന്നാൽ ശുദ്ധീകരിച്ച ജലം കാഞ്ഞിരംകുളം, കരുംകുളം, പൂവാർ മേഖലകളിലെ ടാങ്കുകളിലേക്ക് പമ്പുചെയ്തതോടുകൂടിയാണ് പ്രശ്നങ്ങൾക്ക് തുടക്കം.

നെയ്യാറിൽ നിന്നു 8 മില്യൻ ലിറ്റർ വെള്ളവും കുമിളിയിലെ സ്വാഭാവിക നീരുറവയിൽ നിന്ന് ശേഖരിക്കുന്ന 4 മില്യൻ ലിറ്റർ വെള്ളവും ഉൾപ്പെടെ 12 മില്യൻ ലിറ്റർ വെള്ളം ഒരു ദിവസം ശുദ്ധീകരിക്കാനുള്ള ശേഷി പുതിയ പ്ലാന്റിനുണ്ട്.

1958-ലാണ് തിരുപുറത്തെ കുമിളിയിലെ നീർകുമിളകളെ പ്രയോജനപ്പെടുത്തി കുമിളി വാട്ടർ സപ്ലൈ സ്കീമിന് തുടക്കം കുറിച്ചത്. അന്നത്തെ കേരള ഗവർണർ ആയിരുന്ന ബി. രാമകൃഷ്ണറാവു സ്കീം നാടിന് സമർപ്പിച്ചു. പ്രദേശത്തെ വറ്റാത്ത നീരുറവകളെ മാത്രം ആശ്രയിച്ചായിരുന്നു തുടക്കം. ജല ലഭ്യത നാൾക്കുനാൾ കുറഞ്ഞതോടെ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് ബോദ്ധ്യമായി. ശുദ്ധജലത്തിനായി പ്രദേശവാസികളും തീരദേശവാസികളും മുറവിളി കൂട്ടിയതോടെയാണ് നെയ്യാറിലെ ജലത്തെയും ഉപയോഗപ്പെടുത്തി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നിട്ടും 60 വർഷങ്ങൾക്ക് ശേഷമാണ് ആധുനിക ശേഷിയുള്ള ഒരു പ്ലാന്റ് പ്രദേശത്ത് സ്ഥാപിക്കുന്നത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കാൻ കഴിഞ്ഞില്ല.