
കുഴിത്തുറ: ഭർത്താവുമായുള്ള പ്രശ്‌നം കാരണം രണ്ട് മക്കൾക്കും വിഷം കൊടുത്തശേഷം അമ്മ ജീവനൊടുക്കി. നാഗർകോവിൽ അരുക്കുവിള സുടലമാട് സ്വാമി കോവിൽ തെരുവ് സ്വദേശി പ്രവീൺരാജിന്റെ ഭാര്യ മിനിയാണ് (27) മരിച്ചത്. മക്കളായ റിഡ്‌വാർഡ് മനു (5), രബിഷാ മനു (4) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ പ്രവീൺരാജ് മദ്യപിച്ച ശേഷം വീട്ടിലെത്തി മിനിയുമായി വഴക്കിടുന്നത് പതിവായിരുന്നു. വീട്ടാവശ്യത്തിനായി പണം കൊടുക്കാതെ മദ്യപിക്കുന്നതിനെച്ചൊല്ലി കഴിഞ്ഞ 20ന് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനുശേഷം പ്രവീൺരാജ് പുറത്തുപോയ തക്കത്തിന് രണ്ട് കുഞ്ഞുങ്ങൾക്കും വിഷംകൊടുത്ത ശേഷം മിനിയും കഴിക്കുകയായിരുന്നു. ഏറെ നേരമായിട്ടും മിനിയുടെയും കുഞ്ഞുങ്ങളുടെയും ശബ്ദം കേൾക്കാത്തതിൽ സംശയം തോന്നിയ അയൽവാസികൾ വീട് തുറന്നുനോക്കിയപ്പോഴാണ് മൂന്ന് പേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാർ ഇവരെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാവിലെയാണ് മിനി മരിച്ചത്. രണ്ട് മക്കളും ഐ.സി.യുവിൽ ചികിത്സയിലാണ്. വടശേരി പൊലീസ് കേസെടുത്തു.