ddd

നെയ്യാറ്റിൻകര: കരമന - കളിയിക്കാവിള റോഡ് വികസനത്തിന്റെ മൂന്നും നാലും ഘട്ടങ്ങളുടെ പ്രവർത്തനങ്ങൾ അനന്തമായി നീളുകയാണ്. നിലവിൽ പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള പാതവികസനം പുരോഗമിക്കുകയാണ്. കൊടിനട മുതൽ വഴിമുക്കുവരെയും തുടർന്ന് കളിയിക്കാവിളവരെയുമുള്ള പാതവികസനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇക്കഴിഞ്ഞ നാളുകളിൽ പെയ്തിറങ്ങിയ കനത്ത മഴയിൽ ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള സംസ്ഥാന പാതയിലെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു. പലയിടത്തും ആഴത്തിൽ കുഴികൾ രൂപപ്പെട്ടു. പത്താംകല്ലിലും ബാലരാമപുരം പെട്രോൾ പമ്പ് ജംഗ്ഷനിലും ആലുമ്മൂട്ടിലുമൊക്കെ വലിയ കുഴികളാണ് റോഡിന് നടുവിൽ. ഇവിടെയെല്ലാം രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങളിലെത്തുന്നവർ വീണ് അപകടം പറ്റുകയാണ്.

കൊടിനട മുതൽ കളിയിക്കാവിള വരെ രൂപപ്പെട്ട റോഡിലെ കുണ്ടും കുഴിയും ഇതുവരെ അടച്ചിട്ടില്ല. ഇവിടെ റോഡ് നവീകരണം നടത്തിയിട്ട് വർഷങ്ങളായി. കൊടിനട മുതൽ വഴിമുക്ക് വരെ സ്ഥലമേറ്റെടുക്കൽ വൈകുന്നത് കാരണം വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള അലൈൻമെന്റ് തീർപ്പാക്കലും വൈകും. പാത വികസനം വൈകുമ്പോഴും നകർന്ന റോഡുകളുടെ നവീകരണമെങ്കിലും എത്രയും വേഗം തീർക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്നാം ഘട്ടത്തിലുള്ള കൊടിനട മുതൽ വഴിമുക്കുവരെയുള്ള സ്ഥലമേറ്റെടുക്കൽ നടപടിയും ഇതുവരെ എങ്ങുമെത്തിയില്ല. ബാലരാമപുരം ജംഗ്ഷനിലെ റോഡ് വികസന അലൈൻമെന്റ് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

വിഴിഞ്ഞം കാട്ടാക്കട റോഡിലും കൊടിനട വഴിമുക്ക് റോഡിലും അണ്ടർപാത്ത് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടുവെങ്കിലും വ്യാപാരിവ്യവസായികളുടെ എതിർപ്പ് വില്ലനായി.നാഗർകോവിൽ റൂട്ടിലേക്ക് സ്പീഡിൽ പോകുന്ന വാഹനങ്ങൾ അണ്ടർ പാത്ത് വഴി പോയാൽ ബാലരാമപുരത്തെ സ്ഥിര കച്ചവടക്കാരെ അത് ബാധിക്കില്ലെന്നാണ് നിഗമനം.

പാത വികസനം അനന്തമായി നീളുമ്പോൾ റോഡിലെ കുഴികളെങ്കിലും അടയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പത്താകല്ല് പോലുള്ള കൊടുംവളവുകളിൽ രൂപപ്പെട്ടിരിക്കുന്ന കുഴികളിൽ വീണ് അപകടം പറ്റുന്നതും പതിവാണ്. ഇതിൽ കൂടുതലും ഇരുചക്രവാഹന യാത്രക്കാ‌ർ. വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള റോഡിലെ കുഴികൾ വർദ്ധിച്ചതോടെ ഇതിൽ ചില കുഴികൾ നാട്ടുകാർ ചേർന്ന് മണ്ണിട്ട് മൂടി. എന്നാൽ പിന്നാലെ പെയ്ത മഴയിൽ മണ്ണെല്ലാം ഒലിച്ച് വീണ്ടും കുഴികൾ പ്രത്യക്ഷപ്പെട്ടു.