തിരുവനന്തപുരം: ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വർഗ്ഗീസ് കുര്യന്റെ ജന്മദിനമായ ഇന്ന് ദേശീയ ക്ഷീരദിനമായി ആചരിക്കുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടാഗോർ സെന്റിനറി ഹാളിൽ മിൽമയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികൾ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും.
രാവിലെ 10 ന് ഡോ. കുര്യന്റെ സഹപ്രവർത്തകനായ പ്രൊഫ. വി. മുകുന്ദ ദാസ് അനുസ്മരണ പ്രഭാഷണം നടത്തും. മിൽമ മുൻചെയർമാന്മാരായ പ്രയാർ ഗോപാലകൃഷ്ണൻ, പി.ടി. ഗോപാലക്കുറുപ്പ് എന്നിവരെ ആദരിക്കും. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘമായ ആലപ്പുഴയിലെ വള്ളികുന്നം ക്ഷീരോത്പാദക സഹകരണ സംഘത്തിനും മികച്ച ക്ഷീര കർഷകനായ ഉച്ചക്കടയിലെ സജു .ജെ.എസിനും മെമന്റോയും പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡും മന്ത്രി രാജു വിതരണം ചെയ്യും.
എം.എൽ.എമാരായ വി.എസ്. ശിവകുമാർ, വി.കെ. പ്രശാന്ത്, തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേഷ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, കൺവീനർ യൂസഫ് കോറത്ത് തുടങ്ങിയവർ പങ്കെടുക്കും.
പാൽ കവറുകൾ
തിരിച്ചെടുക്കും
കാലിയായ പാൽ കവറുകൾ സംഭരിക്കുന്നതിന് ക്ലീൻ കേരള കമ്പനി ലിമിറ്റഡുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുകയാണെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഡിസംബറിലും മറ്റ് ജില്ലകളിൽ ജനുവരിയിലും പ്ലാസ്റ്റിക് സംഭരണപരിപാടി ആരംഭിക്കും. ഹരിതകർമ്മ സേന, സ്‌ക്രാപ്പ് വ്യാപാരികൾ, വിദ്യാർത്ഥികൾ, സ്‌കൂൾ എന്നിവയിലൂടെ പ്ലാസ്റ്റിക് സംഭരിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിൽമ ഫെഡറേഷൻ ബോർഡ് അംഗം കരിമാടി മുരളി, തിരുവനന്തപുരം മേഖല ചെയർമാൻ കല്ലട രമേശ്, ബോർഡ് മെമ്പർ അഡ്വ. ഗിരീഷ് കുമാർ, മിൽമ മാനേജിംഗ് ഡയറക്ടർ പാട്ടിൽ സുയോഗ് സുഭാഷ് റാവു തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.