salaam

മുടപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ 'പ്രതിഭകൾക്കൊപ്പം' പരിപാടിയുടെ ഭാഗമായി മുടപുരം ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികൾ രണ്ട് ദിനങ്ങളിലായി നാല് പ്രതിഭകളുമായി ആശയവിനിമയം നടത്തി. ഒന്നാംദിവസം രാവിലെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ ആയുർവേദ ഡോക്ടറുമായ ഡോ. ചന്ദ്രകുമാറിനെ അദ്ദേഹം സേവനമനുഷ്ഠിക്കുന്ന മുടപുരം ഭാരത് ഹോസ്പിറ്റലിൽ എത്തിയാണ് സന്ദർശനം നടത്തിയത്. മുടപുരം സ്കൂളിലെ തന്റെ പഠന കാലത്തെക്കുറിച്ചും അദ്ധ്യാപകരുടെ അക്കാലത്തെ ശിക്ഷണ രീതികൾ, പൂർവ വിദ്യാർത്ഥികളുടെ ഓർമ്മകൾ തുടങ്ങിയവയും അദ്ദേഹം പങ്കുവച്ചു.

പിന്നീടെത്തിയത് പ്രശസ്ത സാഹിത്യകാരൻ ചിറയിൻകീഴ് സലാമിന്റെ വസതിയിലാണ്. സർവീസിൽ നിന്നും വിരമിച്ച അദ്ദേഹം തന്റെ 30 വർഷത്തെ അദ്ധ്യാപന ജീവിതത്തെക്കുറിച്ചും അതുവഴി സാഹിത്യത്തിലേക്ക് പ്രവേശിച്ചതിനെ കുറിച്ചും കുട്ടികളോട് സംസാരിച്ചു.

നിത്യ ഹരിത നായകൻ പ്രേംനസീർ നെ അടക്കം ചെയ്തിരിക്കുന്ന കാട്ടുമുറക്കൽ മുസ്ലിം ജമാ അത്തിനും പ്രേംനസീറിന്റെ ചിറയിൻകീഴിലെ വസതിക്കു സമീപവുമാണ് സലാമിന്റെ വസതി. പ്രേംനസീറിനോടൊപ്പമുള്ള ജീവിത സൗഹൃദത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. രണ്ടാംദിവസം ആദ്യം കുട്ടികളെത്തിയത് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ടവർ മെറ്റീരിയോളോജിക്കൽ ഓഫീസറുമായ സജൽ.എസ്.സത്യനരികിലാണ്. കാലാവസ്ഥാനിരീക്ഷണത്തെ കുറിച്ചും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും അത് വിശകലനം ചെയ്യുന്ന രീതിയെക്കുറിച്ചും കമ്പ്യൂട്ടറിന്റെ സഹായത്തോടെ അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. അവിടെ നിന്നും കുട്ടികൾ തങ്ങളുടെ മുൻ ഹെഡ്മാസ്റ്റർ ഡി. സുചിത്രന്റെ വീട്ടിലാണ് എത്തിയത്. തന്റെ പൂർവകാല പഠന രീതിയേയും അദ്ധ്യാപന രീതിയേയും സാഹിത്യ രചനാവിശേഷത്തെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. എല്ലാ പ്രതിഭകളെയും സ്കൂൾ പൂന്തോട്ടത്തിലെ പൂക്കളും ഇലകളും ഉപയോഗിച്ച് നിർമ്മിച്ച ബൊക്ക നൽകിയും ഷാളും പൊന്നാടയും അണിയിച്ച് ആദരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കൊപ്പം പ്രഥമാദ്ധ്യാപിക കെ.എസ്. വിജയകുമാരി, അദ്ധ്യാപികമാരായ ഹിമ ആർ. നായർ, അൻസി, സജൻ മേരി, എസ്.എം.സി ഭാരവാഹികളായ ബി.എസ്. സജിതൻ, ഡി. ബാബുരാജ്, ഷൻസി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.