തിരുവനന്തപുരം: കടംവാങ്ങിയ നൂറ് രൂപ മടക്കി നൽകാത്തതിന് 19 കാരനായ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസിലെ പ്രതി നേമം കരുമം കോളനി ഇലങ്കത്തറ വീട്ടിൽ മധുവിനെ കോടതി ജീവപര്യന്തം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ തുക ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. പൂജപ്പുര തിരുമല അൽസഹയിൽ ഷഹാബുദ്ദീന്റെ മകൻ ഷെഹൻഷായെയാണ് മധു കുത്തി കൊലപ്പെടുത്തിയത്. പ്രതി പിഴത്തുക ഒടുക്കിയാൽ അത് ഷെഹൻഷായുടെ മാതാവിന് നൽകാനും കോടതി നിർദ്ദേശിച്ചു. ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

തന്റെ സ്കൂട്ടറിൽ പെട്രോൾ തീർന്നതിനെ തുടർന്നാണ് ഷെഹൻഷാ പരിചയക്കാരനായ മധുവിൽ നിന്ന് നൂറു രൂപ കടം വാങ്ങിയത്. പറഞ്ഞ തീയതിയ്ക്കകം പണം മടക്കി നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും മധു കത്തികൊണ്ട് ഷെഹൻഷായെ കുത്തിക്കൊല്ലുകയുമായിരുന്നു. 2012 മേയ് 11 നാണ് സംഭവം. പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഷെഹൻഷാ കമ്പ്യൂട്ടർ പഠിക്കാൻ പോയിരുന്നു. പോകുന്ന വഴിക്കുളള കളിസ്ഥലത്ത് ക്രിക്കറ്റ് കളിക്കാൻ വരുന്ന മധുവിനെ ഷെഹൻഷായ്ക്ക് കണ്ടുപരിചയം മാത്രമാണ് ഉണ്ടായിരുന്നത്.

ദൃക് സാക്ഷികളടക്കം 23 പേരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചത്. കൊല്ലപ്പെട്ട ഷെഹൻഷായുടെ മാതാവിന് ഇരകൾക്കായുളള സർക്കാർ ധനസഹായ നിധിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.