തിരുവനന്തപുരം: വാളയാറിലെ സഹോദരിമാർ പീഡനത്തിരയായി മരിക്കാനിടയായ സംഭവത്തിൽ സർക്കാർ വേട്ടക്കാരായ പ്രതികൾക്കൊപ്പമാണ് നിൽക്കുന്നതെന്ന് വി.എം. സുധീരൻ പറഞ്ഞു. കേസിൽ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചാണ് പ്രതികളെ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുക,​ പൊലീസിലെ ക്രിമിനലുകളെ പുറത്താക്കുക,​ വനിത കമ്മിഷൻ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസ് മുഖ്യമന്ത്രിയുടെ വസതിയായ ക്ളിഫ്ഹൗസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാകോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് അദ്ധ്യക്ഷയായി. ഉപാദ്ധ്യക്ഷ രാജലക്ഷ്‌മി,​ നേതാക്കളായ ഡോ. ഹരീഫ്,​ ശ്രീകുമാരി,​ വഹീദ,​ ബിന്ദു ചന്ദ്രൻ,​ മോളി അജിത്ത്,​ ജില്ലാ അദ്ധ്യക്ഷ ആർ. ലക്ഷ്‌മി തുടങ്ങിയവർ പങ്കെടുത്തു.