വെള്ളനാട്: റബർ പുരയിടത്തിൽ ടാർപ്പോളിന് കീഴിൽ കഴിഞ്ഞിരുന്ന രണ്ടാംക്ലാസ് വിദ്യാർത്ഥി മനുവിനും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. മനുവിന്റെ ദുരിതം അറിഞ്ഞ വെള്ളനാട് ഗവ. എൽ.പി സ്കൂൾ പി.ടി.എ നിർമ്മിച്ചു നൽകുന്ന സഹപാഠിക്ക് ഒരു സ്നേഹക്കൂടിന്റെ താക്കോൾ ദാനം ഇന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
രോഗിയായ അമ്മയും അന്ധയായ അമ്മൂമ്മയും വലിയമ്മയുടെ മകളും അടങ്ങുന്ന കുടുംബമാണ് മറ്റൊരാളുടെ റബർതോട്ടത്തിൽ ടാർപൊളിൻ കെട്ടി കഴിഞ്ഞിരുന്നത്. കനാൻ എന്ന സന്നദ്ധസംഘടനയും ഒപ്പംകൂടിയതോടെ മനുവിന് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയായിരുന്നു. ജനപങ്കാളിത്തത്തോടെയാണ് സ്കൂൾ പി.ടി.എ വീട് നിർമ്മാണം പൂർത്തിയാക്കിയത്.
സംഘടനയിലെ ഒരു പ്രവർത്തകൻ നെടിയവിള പാറാംകുഴിയിൽ സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്തായിരുന്നു നിർമ്മാണം.
രണ്ട് മുറി, അടുക്കള, ടോയ്‌ലറ്റ്, ഹാൾ എന്നിവയുൾപ്പടെ 500 സ്ക്വയർ ഫീറ്റുള്ള വീടാണ് നിർമ്മാണം പൂർത്തിയായത്.
നാളെ ഉച്ചയ്ക്ക് 2ന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂർ ദേവസ്വം ബോർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം എൽ.പി. മായാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി. ജ്യോതിഷ്കുമാർ, വിളപ്പിൽ രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വെള്ളനാട് ശ്രീകണ്ഠൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.എൻ. അനീഷ്, നെടുമങ്ങാട് എ.ഇ.ഒ രാജ് കുമാർ ബി.പി.ഒ പി. സനൽകുമാർ, എം.പി.ടി.എ പ്രസിഡന്റ് എൽ. പ്രതീജ, കനാൻ ഭാരവാഹി സതീഷ് കുമാർ, ഹെഡ്മാസ്റ്റർ വി. നാഗേഷ് കുമാർ തുടങ്ങിയവർ സംസാരിക്കും.