കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിൽ വനിതാ ഗ്രൂപ്പുകൾവഴി 12 ഏക്കറിൽ ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന അദ്ധ്യക്ഷയായി. കൃഷി ഓഫീസർ മണിവർണ്ണൻ. ജി.കെ സ്വാഗതവും, കൃഷി അസിസ്റ്റന്റ് രാജേഷ്.എസ് നന്ദിയും പറഞ്ഞു. 20 സെന്റ് വീതമുള്ള യൂണിറ്റുകൾ അടിസ്ഥാനമാക്കി ആകെ 60 യൂണിറ്റുകളിലാണ് ജൈവ പച്ചക്കറികൃഷി ഗ്രൂപ്പുകളിലൂടെ നടപ്പിലാക്കുന്നത്. ജനകീയാസൂത്രണ പദ്ധതി മുഖേന ഗ്രൂപ്പുകൾക്കുള്ള പച്ചക്കറി വിത്തും തൈകളും സൗജന്യമായി വിതരണം ചെയ്തു. കൂടാതെ ജൈവ വളം, തൊഴിൽകൂലി ഇനത്തിലായി വരുന്ന ചെലവിനു കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ സബ്സിഡി അനുവദിക്കും. ജൈവ കീടനാശിനികൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. പദ്ധതിക്കായി 5,40,200 രൂപ വകവരുത്തിയിട്ടുണ്ട്. എം. നാസർ ഖാൻ, എൻ. അബുത്താലിബ്. പഞ്ചായത്തംഗങ്ങളായ എസ്. നിസാമുദ്ദീൻ, പള്ളിക്കൽ നസീർ, രേണുകകുമാരി, വനിതാ ഗ്രൂപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.