nov25c

ആ​റ്റിങ്ങൽ: ആ​റ്റിങ്ങൽ ഗവ.ജി.എച്ച്.എസ്.എസിലെ പ്രിൻസിപ്പാളിന്റെ ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. പി.ടി.എ.യുടെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചും സ്‌കൂളിലെ സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാട്ടിയുമായിരുന്നു ഉപരോധം.കിഫ്ബി ഫണ്ടുപയോഗിച്ച് നടക്കുന്ന കെട്ടിടനിർമ്മാണത്തിലെ അപാകതകളുണ്ടെന്നും നിലം പൊത്താറായ നിലയിലുളള കെട്ടിടത്തിൽ ക്ലാസുകൾ നടക്കുന്നത് അപകടകരമാണെന്നും പ്രവർത്തകർ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് കിരൺ കൊല്ലമ്പുഴ നേതൃത്വം നല്കി. അദ്ധ്യാപകന്റെ പേരിൽ ശിലാഫലകം സ്ഥാപിക്കൽ, സ്വകാര്യ ട്യൂഷൻ സെന്ററിന്റെ ബോർഡുകൾ സ്ഥാപിച്ച് മാസപ്പടിവാങ്ങൽ, പി.ടി.എ.ഫണ്ട് ദുർവിനിയോഗം ചെയ്യൽ, ലാബ്‌നിർമ്മാണത്തിലെ അഴിമതി, പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് അനധികൃത പണപ്പിരിവ്, അന്യസംസ്ഥാന തൊഴിലാളികൾക്ക് താമസസൗകര്യമൊരുക്കി വാടകകൈപ്പ​റ്റൽ,​ യഥാസമയം പി.ടി.എ. പൊതുയോഗം നടത്താതിരിക്കൽ തുടങ്ങിയ വിഷയങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് പ്രിൻസിപ്പാൾ ഉറപ്പ് നല്കിയതിനെത്തുടർന്ന് സമരം അവസാനിച്ചു.

യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മി​റ്റി സെക്രട്ടറി ആർ.എസ്.പ്രശാന്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി സി.പി.വിഷ്ണു, മണ്ഡലം ഭാരവാഹി അരുൺ, ജനറൽ സെക്രട്ടറി അനൂപ്, കൗൺസിലർ പ്രിൻസ് രാജ്, പ്രതിപക്ഷനേതാവ് അനിൽകുമാർ, സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.