തിരുവനന്തപുരം: കാഞ്ഞങ്ങാട് 28ന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തലസ്ഥാന ജില്ലയിൽ നിന്ന് 23 പേർ അപ്പീലുമായി മത്സരിക്കും. ആകെ ലഭിച്ച 209 അപ്പീലുകളിൽ നിന്നാണ് 23 പേർക്ക് അപ്പീൽ കമ്മിറ്റി അനുമതി നൽകിയത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അപേക്ഷിച്ചിരുന്നവർക്ക് പറയാനുള്ളത് കേൾക്കാനായി ഹിയറിംഗ് നടത്തിയിരുന്നു. അപ്പീൽ ഫലം ഞായറാഴ്ച വൈകിട്ടോടെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഔദ്യോഗിക ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു. അപ്പീലുകളിൽ നിരസിക്കാനുള്ള കാര്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഉത്തരവും ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകാനായി ഇന്നലെത്തന്നെ അതത് എ.ഇ.ഒ ഓഫീസുകളിൽ എത്തിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി അപ്പീലുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷമിത് 269 ആയിരുന്നു. പല ഇനങ്ങൾക്കും ശരാശരി ഏഴ് അപ്പീലുകൾ വരെ ലഭിച്ചു. ഹയർസെക്കൻഡറി വിഭാഗം ഒപ്പനയ്ക്ക് എട്ട് അപ്പീലുകളാണ് ഉണ്ടായിരുന്നത്. മത്സരിച്ച 14 ടീമുകളിൽ എട്ടു പേരും അപ്പീലുമായെത്തുകയായിരുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ നാല് അപ്പീലുകളുണ്ടായിരുന്നത്. കേരളനടനത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ലഭിച്ചത് 10 അപ്പീലുകൾ.
അപ്പീൽ ഇനത്തിൽ കിട്ടുക 3.73 ലക്ഷം
2000 രൂപയാണ് അപ്പീൽ സമർപ്പിക്കുന്നതിനുള്ള ഫീസ്. ഇക്കുറി 209 അപ്പീലുകൾ വഴി ലഭിച്ചത് 4,18,000 രൂപയാണ്. ഇതിൽ അപ്പീൽ അനുവദിച്ചതിലൂടെ 23 പേർക്ക് തിരികെ നൽകേണ്ടത് 46,000 രൂപ. ശേഷിക്കുന്ന 373,000 രൂപ സർക്കാരിനാണ്.